വൻകിട, മെഗാ സംരംഭങ്ങൾക്ക് സ്ഥിര മൂലധന നിക്ഷേപത്തിന്റെ 10% (പരമാവധി 10 കോടി രൂപ) നിക്ഷേപ സബ്സിഡിയായി നൽകുമെന്നു സംസ്ഥാന വ്യവസായ നയത്തിൽ വാഗ്ദാനം. ഈ സ്ഥാപനങ്ങൾക്ക് അഞ്ചു വർഷത്തേക്കു സംസ്ഥാന ചരക്ക് സേവന നികുതി തിരികെ നൽകും. സൂക്ഷ്മ, ഇടത്തരം സ്ഥാപനങ്ങൾ എൻഎസ്ഇ, ബിഎസ്ഇ വഴി പബ്ലിക് ഇഷ്യു നടത്തിയാൽ അതിനു ചെലവാകുന്ന 50% തുക തിരികെ നൽകും. പബ്ലിക് ഇഷ്യൂവിലൂടെ സമാഹരിക്കുന്ന ഫണ്ട് സംസ്ഥാനത്തു തന്നെ നിക്ഷേപിക്കണമെന്ന വ്യവസ്ഥയുണ്ട്.
സൂക്ഷ്മ സംരംഭം: ഒരു കോടി രൂപ വരെ നിക്ഷേപം. 5 കോടി രൂപ വരെ വാർഷിക വിറ്റുവരവ്.
ചെറുകിട സംരംഭം: 5 കോടി രൂപ വരെ നിക്ഷേപം. 50 കോടി രൂപ വരെ വാർഷിക വിറ്റുവരവ്.
ഇടത്തരം സംരംഭം: 50 കോടി രൂപ വരെ നിക്ഷേപം. 250 കോടി രൂപ വരെ വാർഷിക വിറ്റുവരവ്.
മറ്റു പ്രധാന കാര്യങ്ങൾ:
1.സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളിലെ എല്ലാ വിഭാഗം വ്യവസായങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനു 3 കോടി രൂപ വരെ സഹായം.
2.ആഭ്യന്തര,വിദേശ മേളകളിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് 5 ലക്ഷം രൂപവരെ നൽകും.
3.പേറ്റന്റ്, പകർപ്പവകാശം, വ്യാപാര മുദ്രകൾ, ജിഐ റജിസ്ട്രേഷൻ എന്നിവയ്ക്കു പരമാവധി 30 ലക്ഷം രൂപവരെ തിരികെ നൽകും.
4.വിവിധ ഗുണനിലവാര സർട്ടിഫിക്കറ്റുകൾ നേടുന്നതിനു പരമാവധി 25 ലക്ഷം രൂപവരെ നൽകും.
5.മലിനീകരണ നിയന്ത്രണ സംവിധാനം, ജലസംരക്ഷണം–പുനരുപയോഗം, എനർജി ഓഡിറ്റ്, ജല ഓഡിറ്റ് എന്നിവയ്ക്ക് ചെലവാകുന്ന തുകയുടെ പരമാവധി 25 ലക്ഷം തിരികെ നൽകും.
6.മെയ്ഡ് ഇൻ കേരള സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനു ചെലവാകുന്ന തുകയുടെ 50% തിരികെ നൽകും.
7.സ്റ്റാർട്ടപ്പുകൾക്ക് കെഎസ്ഐഡിസിയിലൂടെ ഒരു കോടി രൂപവരെ സ്കെയിൽ അപ് വായ്പ ഉറപ്പാക്കും.