രാജ്യാന്തര ഗവേഷണ ജേണലുകൾ രാജ്യമാകെയുള്ള വിദ്യാർഥികൾക്കും ഗവേഷകർക്കും ലഭ്യമാക്കാനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘വൺ നേഷൻ, വൺ സബ്സ്ക്രിപ്ഷൻ’ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചു. കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള ഉന്നതവിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഗവേഷകർക്കുമാണ് ജേണലുകൾ ഈ ഘട്ടത്തിൽ ലഭ്യമാവുക. അടുത്ത ഘട്ടത്തിൽ എല്ലാ സ്ഥാപനങ്ങൾക്കും നൽകും. സർക്കാർ സ്ഥാപനങ്ങൾ ഒഎൻഒഎസ് പോർട്ടലിൽ റജിസ്റ്റർ ചെയ്താൽ അവിടത്തെ മുഴുവൻ വിദ്യാർഥികൾക്കും ഗവേഷകർക്കും ജേണലുകൾ സൗജന്യമായി ലഭ്യമാകും. കേരളത്തിൽ 69 വിദ്യാഭ്യാസ/ഗവേഷണ സ്ഥാപനങ്ങൾ ഇതിന്റെ ഭാഗമാണ്. രാജ്യമാകെ 6,500 സ്ഥാപനങ്ങൾ ചേർന്നുകഴിഞ്ഞു. 2027 വരെ 6,000 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം നീക്കിവച്ചിരിക്കുന്നത്.
എന്താണ് ഒഎൻഒഎസ്?
സയൻസ്, ടെക്നോളജി, എൻജിനീയറിങ്, കണക്ക്, മെഡിസിൻ, മാനേജ്മെന്റ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ് എന്നീ മേഖലകളിലെ 30 രാജ്യാന്തര പ്രസാധകരുടെ 13,000 ൽ ഏറെ ഇ–ജേണലുകൾ രാജ്യമാകെയുള്ള വിദ്യാർഥികൾക്കു ലഭ്യമാക്കും. നിലവിൽ എല്ലാ ജേണലുകളും എല്ലാവർക്കും ലഭ്യമല്ല.
താൽപര്യമുള്ള സർക്കാർ സ്ഥാപനങ്ങൾ onos.gov.in എന്ന പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. വിദ്യാർഥികൾക്ക് നേരിട്ട് റജിസ്റ്റർ ചെയ്യാനാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റജിസ്ട്രേഷന് എഐഎസ്എച്ച്ഇ കോഡ് (ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജ്യുക്കേഷൻ) നിർബന്ധമാണ്. ഓരോ സ്ഥാപനത്തിനും നോഡൽ ഓഫിസറുണ്ടായിരിക്കും. സ്ഥാപനങ്ങളിലെ ആഭ്യന്തര വൈഫൈ ഉപയോഗിക്കുന്ന ആർക്കും ജേണലുകൾ ലഭ്യമാകും. സ്ഥാപനത്തിന്റെ സ്റ്റാറ്റിക് ഐപി വിലാസം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. സ്ഥാപനം അനുവദിക്കുന്ന ഗവേഷകർക്കും വിദ്യാർഥികൾക്കും ക്യാംപസിനു പുറത്തും ഇതുപയോഗിക്കാം.