വ്യാപാര മേഖലയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സമിതിക്കു രൂപം നൽകും. ഇന്ത്യ സന്ദർശിക്കുന്ന യുഎസ് വാണിജ്യ മന്ത്രി ജീന റെയ്മൊണ്ടോയുമായി കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ നടത്തിയ ചർച്ചയിലാണു തീരുമാനം. സെമി കണ്ടക്ടർ ഉൽപാദനത്തിലെ സഹകരണത്തിനായി ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പുവച്ചു. സ്റ്റാർട്ട് അപ്, നൈപുണ്യ വികസനം, ഡിജിറ്റൽ സാങ്കേതിക വിദ്യ, ടെലികമ്യൂണിക്കേഷൻസ്, 6 ജി സാങ്കേതിക വിദ്യ എന്നീ മേഖലകളിലും സഹകരണം ഉറപ്പാക്കും.
സാങ്കേതിക മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കു നേരിടുന്ന തടസ്സങ്ങൾ നീക്കം ചെയ്യാനും സമിതി മുൻകയ്യെടുക്കും. ടൂറിസം മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കോവിഡ് വ്യാപനത്തിനു മുൻപുള്ള നിലയിലേക്ക് എത്തിക്കാൻ ട്രാവൽ, ടൂറിസം സമിതി പുനരുജ്ജീവിപ്പിക്കും. ഇരു രാജ്യങ്ങൾക്കുമിടയിൽ സാങ്കേതിവിദ്യ കൈമാറ്റം സുഗമമാക്കാൻ ലക്ഷ്യമിട്ട് ഭാവിയിൽ ചർച്ചകൾ നടത്തും.