ലുലു ഹൈപ്പർമാർക്കറ്റിന്റെ പേര് വ്യാജമായി ഉപയോഗിച്ച് വ്യക്തികളെ കബളിപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്. ഹൈപ്പർമാർക്കറ്റ് പ്രൊമോഷൻ എന്ന വ്യാജേന ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങൾ വാഗ്ദാനം ചെയ്താണ് വ്യാജ പ്രചാരണം നടക്കുന്നത്. വ്യാജ വെബ്‌സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ ചാനലുകളിലൂടെയുമാണ് ഈ തട്ടിപ്പ്. ലുലു ഹൈപ്പർമാർക്കറ്റിന്റെ പേരിൽ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുള്ള വ്യാജ ലിങ്ക് ആളുകൾക്ക് അയച്ചാണ് തട്ടിപ്പ് നടക്കുന്നത്.
ലിങ്കിൽ ക്ലിക്ക് ചെയ്താൽ, നിങ്ങൾക്ക് ലുലു ഹൈപ്പർമാർക്കറ്റിനെക്കുറിച്ച് അറിയുമോ, എത്ര വയസ്സായി, ലുലു ഹൈപ്പർമാർക്കറ്റിനെ എത്രമാത്രം ഇഷ്ടപ്പെടുന്നു, നിങ്ങൾ പുരുഷനാണോ സ്ത്രീയാണോ തുടങ്ങിയ ചോദ്യങ്ങളിലേക്കാണ് പോകുന്നത്.ഇതിന് ഉത്തരം നൽകുന്നതിന് പിന്നാലെ വിലയേറിയ സമ്മാനങ്ങൾ ലഭിച്ചെന്ന് തെറ്റിധരിപ്പിക്കും, ഈ സമ്മാനങ്ങൾ ഇരുപത് പേർക്കോ, അഞ്ച് വാട്ട്സാപ്പ് ഗ്രൂപ്പുകളിലേക്കോ ഫോർവേർഡ് ചെയ്യണം തുടങ്ങിയ നിബന്ധനകൾ എത്തും. സമ്മാനം ലഭിക്കുമെന്ന് തെറ്റിധരിച്ച് ഫോർവേർഡ് ചെയ്യപ്പെടുന്ന ഈ സന്ദേശങ്ങൾ നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരിലേക്കാണ് എത്തുന്നത്. ഇത്തരം തട്ടിപ്പിൽ അകപ്പെടാതെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ലുലു മാനേജ്മെന്റ് ആവശ്യപ്പെട്ടു. ഇത്തരം സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യരുതെന്നും ഓൺലൈൻ തട്ടിപ്പ് തിരിച്ചറിയണമെന്നും ഉപഭോക്താക്കളോട് ലുലു അഭ്യർഥിച്ചു.