വ്യവസായ പാർക്കുകളായി ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ച ശേഷം കാലങ്ങളായിട്ടും എടുക്കാത്ത ഭൂമിയിൽ വീണ്ടും പഠനം നടത്തുമെന്ന് മന്ത്രി പി.രാജീവ്. പലയിടത്തും ഈ സ്ഥലങ്ങൾ കുണ്ടും കുഴിയുമായി കിടക്കുകയാണ്. തീരനിയന്ത്രണ മേഖലയിൽ പെടുന്നവയുമുണ്ട്. ഈ സ്ഥലങ്ങൾ വ്യവസായത്തിന് ഇപ്പോൾ അനുയോജ്യമാണോ എന്നാണു പഠിക്കുക– മന്ത്രി നിയമസഭയിൽ പറഞ്ഞു.
വ്യവസായ വകുപ്പിനു കീഴിലെ 41 പൊതുമേഖലാ സ്ഥാപനങ്ങളിൽ 361.42 ഏക്കർ ഭൂമി ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ 9 സ്ഥാപനങ്ങളിലെ 40.41 ഏക്കറിൽ വ്യവസായ സംരംഭം ആരംഭിക്കും. കിൻഫ്രയ്ക്കു സ്വന്തം നിലയ്ക്കു നടത്താനാകുമോ എന്നു നോക്കും. ഇല്ലെങ്കിൽ, ഭൂമി വില സർക്കാർ ഓഹരിയാക്കി മാറ്റി സ്വകാര്യ സംരംഭകരെ ഉൾപ്പെടുത്തി വ്യവസായ പാർക്ക് ആരംഭിക്കും. സ്വന്തം നിലയ്ക്കു വ്യവസായ എസ്റ്റേറ്റുകൾ തുടങ്ങാൻ പഞ്ചായത്തുകൾ ഏറ്റെടുത്ത ഭൂമി പലയിടത്തും വെറുതേ കിടക്കുന്നു. വ്യവസായ എസ്റ്റേറ്റുകളിൽ സ്വകാര്യ കമ്പനികൾ ഏറ്റെടുത്തിട്ട് ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം തിരിച്ചു പിടിക്കും.– മന്ത്രി പറഞ്ഞു.