വൈദ്യുതി ഉൽപാദനത്തിനുമേൽ ഒരു തരത്തിലുമുള്ള നികുതി ഈടാക്കരുതെന്ന കേന്ദ്ര നിർദേശം കേരളത്തിൽ സൗരോർജത്തിൽ നിന്നും കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്ക് ഗുണകരമായേക്കും.
നിലവിൽ എനർജി ഡ്യൂട്ടിയെന്ന പേരിൽ ഉൽപാദകരിൽ നിന്ന് തുക ഈടാക്കുന്നുണ്ട്. കേരളത്തിലെ സോളർ ഉൽപാദകരിൽ നിന്ന് യൂണിറ്റിന് 1.2 പൈസയെന്ന നിരക്കിലാണ് എനർജി ഡ്യൂട്ടി ചുമത്തുന്നത്. ഇതു പുതിയ കേന്ദ്ര നിർദേശത്തോടെ ഒഴിവായേക്കുമെന്നാണ് ഉൽപാദകരുടെ പ്രതീക്ഷ. ഏത് സ്രോതസ്സിൽ നിന്നുള്ള വൈദ്യുതിയുടെ ഉപയോഗത്തിനു മേലും തീരുവ ചുമത്തുന്നത് നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം കേന്ദ്ര ഊർജ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.