വേനൽച്ചൂട് കൂടിയതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ചരിത്രത്തിൽ ആദ്യമായി 10 കോടി യൂണിറ്റ് പിന്നിട്ടു. വ്യാഴാഴ്ചയാണ് ഉപയോഗം 10.03 കോടി യൂണിറ്റിൽ എത്തിയത്. വൈകിട്ട് പീക് ലോഡ് സമയത്തെ ആവശ്യം 4903 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് കുതിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 518 മെഗാവാട്ടിന്റെ വർധനയാണിത്.
തിങ്കൾ മുതൽ വീണ്ടും ഇതേ രീതിയിൽ ഉപയോഗം കൂടിയാൽ പ്രതിസന്ധി ആകും. കഴിഞ്ഞ വർഷത്തെ കൂടിയ വൈദ്യുതി ഉപയോഗം കഴിഞ്ഞ ഏപ്രിൽ 28 ന് രേഖപ്പെടുത്തിയ 9.288 കോടി യൂണിറ്റും വൈകിട്ടത്തെ ഏറ്റവും ഉയർന്ന പീക് ലോഡ് ഏപ്രിൽ 27 ന് രേഖപ്പെടുത്തിയ 4385 മെഗാവാട്ടും ആയിരുന്നു. എന്നാൽ ഈ മാസം 11 മുതൽ വൈദ്യുതി ആവശ്യകതയും ലോഡും റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്.
കഴിഞ്ഞ വർഷത്തെക്കാൾ 8 ശതമാനത്തോളം വൈദ്യുതി ഉപയോഗവും, 12 ശതമാനത്തോളം പീക് ലോഡും കൂടി.ആഭ്യന്തര വൈദ്യുതി ഉൽപാദനം ക്രമീകരിച്ചും കേന്ദ്ര വൈദ്യുതി വിഹിതം, ഹ്രസ്വകാല, ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ, പവർ ബാങ്കിങ് സംവിധാനം എന്നിവ ഉപയോഗിച്ചുമാണ് സ്ഥിതി കൈകാര്യം ചെയ്യുന്നത്.വൈകിട്ട് 6 മുതൽ 11 വരെ പുറത്തു നിന്ന് ഉയർന്ന വില നൽകി വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണ്.കൽക്കരി ക്ഷാമവും ഇറക്കുമതി ചെയ്ത വില കൂടിയ കൽക്കരി ഉപയോഗിക്കണം എന്ന വ്യവസ്ഥയും മൂലം താപ വൈദ്യുതിക്കു വില കൂടുതലാണ്.
വൈദ്യുതി ഉപയോഗം ഇനിയും ഉയർന്നാൽ ബുദ്ധിമുട്ടാകും. ഏപ്രിൽ,മേയ് മാസങ്ങളിൽ യഥാക്രമം 4700 മെഗാവാട്ട്, 4600 മെഗാവാട്ട് വീതം വേണ്ടി വരുമെന്ന പ്രതീക്ഷയിലായിരുന്നു ബോർഡ്. ജലവൈദ്യുത പദ്ധതികളിൽ ജൂൺ ഒന്നിനു ശേഷം ഏകദേശം 20 ദിവസത്തേക്ക് കൂടി ഉൽപാദിപ്പിക്കാനുള്ള കരുതൽ ശേഖരം നിലനിർത്തുന്നുണ്ട്. ഇസ്തിരിപ്പെട്ടി, പമ്പ് സെറ്റ്, വാഷിങ് മെഷീൻ, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയവ വൈകിട്ട് 6 മുതൽ 11 വരെ ഉപയോഗിക്കാതിരുന്നാൽ പ്രതിസന്ധി നേരിടാമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.