സിൽവർ ലൈൻ പദ്ധതിയിൽ മാറ്റം വരുത്തിയുള്ള വേഗ റെയിൽ പദ്ധതിയുടെ രൂപരേഖ ഇ.ശ്രീധരൻ, സർക്കാരിനു കൈമാറി.
സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് വഴിയാണു മുഖ്യമന്ത്രിക്കു രൂപരേഖ കൈമാറിയത്. ഭൂമിയേറ്റെടുക്കൽ കുറച്ച്, തൂണുകളിലും തുരങ്കങ്ങളിലും നിർമിക്കുന്ന വേഗ റെയിൽ പദ്ധതിയാണു നിർദേശിച്ചത്.
സിൽവർ ലൈൻ പദ്ധതിക്കായി സർക്കാർ ചുമതലപ്പെടുത്തിയ കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനെ ഒഴിവാക്കി, ഈ രംഗത്ത് അനുഭവ പരിചയവുമുള്ള ഡൽഹി മെട്രോ റെയിൽ കോർപറേഷനെ പദ്ധതി ഏൽപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഡൽഹിയിൽ കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി കെ.വി.തോമസ് നടത്തിയ ആശയവിനിമയത്തിലാണ് ഇ.ശ്രീധരനുമായി പദ്ധതിയുടെ പ്രായോഗികവശം ചർച്ച ചെയ്യാൻ നിർദേശം ലഭിച്ചത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ച കെ.വി.തോമസ്, ശ്രീധരന്റെ വീട്ടിലെത്തി ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണു ശ്രീധരൻ ബദൽ നിർദേശം നൽകിയത്.
ഇപ്പോൾ വിഭാവനം ചെയ്തിരിക്കുന്ന സിൽവർ ലൈൻ പദ്ധതി അംഗീകരിക്കപ്പെടാനും നടപ്പാക്കാനും ബുദ്ധിമുട്ടാണ്. സ്ഥലമേറ്റെടുക്കൽ വലിയ പ്രയാസമാണ്. സർക്കാർ കണക്കാക്കിയ 64,000 കോടി രൂപ ചെലവ് യഥാർഥ തുകയല്ല. ഒരു ലക്ഷം കോടിയോളം ചെലവു വരും. ശ്രീധരൻ നിർദേശിച്ച ബദൽ പദ്ധതിക്കും ഒരു ലക്ഷം കോടിയിലേറെയാണു ചെലവ്.
സ്റ്റാൻഡേഡ് ഗേജിനു പകരം ബ്രോഡ് ഗേജ്. സംസ്ഥാനവും കേന്ദ്രവും 30% വീതം ചെലവ് വഹിക്കുകയും 40% വായ്പയെടുക്കുകയും ചെയ്യാം. 200 കിലോമീറ്ററിലധികം വേഗം ഉറപ്പാക്കാനാകും. ശ്രീധരൻ നൽകിയ ബദൽ നിർദേശം മുഖ്യമന്ത്രിക്കു കൈമാറിയെന്നും തുടർ നടപടികൾ മുഖ്യമന്ത്രിയും സർക്കാരുമാണു തീരുമാനിക്കേണ്ടതെന്നും കെ.വി.തോമസ് പറഞ്ഞു