അവതാർ ദ വേ ഓഫ് വാട്ടര്‍ തീയറ്ററില്‍ എത്തി നാലാം ദിവസത്തിലെ ബോക്സ് ഓഫീസിലെ ആദ്യ ട്രെൻഡുകൾ അനുസരിച്ച് ഞായറാഴ്ചയെ അപേക്ഷിച്ച് കളക്ഷനില്‍ 60 ശതമാനത്തോളം ഇടിവ് സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അവതാര്‍ സീരിസിലെ പുതിയ ചിത്രമായ അവതാർ: ദി വേ ഓഫ് വാട്ടർ ദശാബ്ദത്തിലേറെ എടുത്താണ് ജെയിംസ് കാമറൂൺ വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തിച്ചത്. പ്രതീക്ഷിച്ചത് പോലെ തന്നെ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. സയൻസ് ഫിക്ഷൻ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം ലഭിച്ചു. വെറും രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറാൻ അവതാർ: ദി വേ ഓഫ് വാട്ടറിന് കഴിഞ്ഞു. ഞായറാഴ്ച ചിത്രം 46 കോടി നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ കളക്ഷൻ 129 കോടിയാണ്. ആദ്യകാല ട്രെൻഡ് റിപ്പോർട്ട് അനുസരിച്ച് ജെയിംസ് കാമറൂണിന്റെ ഈ ചിത്രം ആദ്യ തിങ്കളാഴ്ച മുന്‍ ദിവസത്തെ അപേക്ഷിച്ച് 60 ശതമാനം ഇടിവ് കാണിച്ച് 16-18 കോടി രൂപ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നേടിയിട്ടുണ്ട്.
എന്നിരുന്നാലും, ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്ന പ്രേക്ഷകരുടെ കാര്യത്തിൽ ഇത് ഇപ്പോഴും ഒരു വലിയ നേട്ടമാണ്. ഈ നിരക്കിൽ ചിത്രം ഒരാഴ്ചയ്ക്കുള്ളിൽ 200 കോടി ക്ലബ്ബിൽ കയറാനാണ് സാധ്യതയുണ്ടെന്നാണ് ബോക്സ് ഓഫീസ് നിരീക്ഷകര്‍ പറയുന്നത്.