വീടുകളും,ഫ്ലാറ്റുകളും വാങ്ങുമ്പോഴുണ്ടാകുന്ന തർക്കങ്ങൾ; പരിഹാരം കാണാൻ പ്രത്യേക സമിതി

വീടുകളും ഫ്ലാറ്റുകളും വാങ്ങുമ്പോഴുണ്ടാകുന്ന തർക്കങ്ങളിൽ സമയബന്ധിതമായി പരിഹാരം കാണാൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) പ്രത്യേക സമിതിയെ നിയോഗിക്കുന്നു. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുമായി (റെറ) സഹകരിച്ചാണ് പുതിയ സമിതി രൂപീകരിക്കുന്നത്.

ഫ്ലാറ്റുകൾ പറഞ്ഞ സമയത്ത് പൂർത്തീകരിച്ച് നൽകാതിരിക്കുക, നിർമാണത്തിലെ അപാകത, രേഖകൾ നൽകുന്നതിലെ കാലതാമസം, വീട്ടുവായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ പുതിയ സമിതിയുടെ പരിഗണനയിൽ വരും. ഓൺലൈനിലൂടെ നടക്കുന്ന വസ്തു, വീട് വ്യാപാരങ്ങളും വാടകയ്ക്ക് നൽ‍കുക, ലീസ് നൽകുക തുടങ്ങിയവയും സമിതി പരിശോധിക്കും. പ്രത്യേക ഓൺലൈൻ പോർട്ടലും തർക്ക പരിഹാര ഫോറവും ഇതിന്റെ ഭാഗമായി രൂപീകരിക്കും. പരാതികൾക്ക് ഒരു മാസത്തിനുള്ളിൽ പരിഹാരമുണ്ടാക്കുക എന്നതാണ് ലക്ഷ്യം.

റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനുമാണ് പുതിയ സമിതിയെന്ന് സിസിപിഎ അറിയിച്ചു. നാഷനൽ റിയൽ എസ്റ്റേറ്റ് ഡവലപ്മെന്റ് കൗൺസിലിന്റെ കണക്കനുസരിച്ച് 200 ബില്യൻ ഡോളറായിരുന്നു 2021ൽ രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയുടെ മൂല്യം. ഇത് 2030ൽ ഒരു ട്രില്യൻ ഡോളറാകുമെന്നാണ് കണക്കുകൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *