ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ-ഇന്ത്യയ്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ക്രിമിനൽ വകുപ്പുകൾ പ്രകാരം ആണ് നടപടി.
ഈ കേസിൽ അറസ്റ്റിലായവരെ കൂടാതെ വിവോ ഇന്ത്യയെ പ്രതി ചേർത്തിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ലാവ ഇന്റർനാഷണൽ മൊബൈൽ കമ്പനിയുടെ എംഡി ഹരി ഓം റായി ഉൾപ്പെടെ നാലുപേർ നേരത്തെ അറസ്റ്റിലായിരുന്നു. ചൈനീസ് പൗരനായ ഗ്വാങ്‌വെൻ എന്ന ആൻഡ്രൂ കുവാങ്, ചാർട്ടേഡ് അക്കൗണ്ടന്റുമാരായ നിതിൻ ഗാർഗ്, രാജൻ മാലിക് എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവർ. 2014 മുതൽ വിവോയുമായോ അതിന്റെ പ്രതിനിധികളുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്ന് ഹരി ഓം റായ് കോടതിയെ അറിയിച്ചു
ഇന്ത്യയുടെ സാമ്പത്തിക പരമാധികാരത്തിന് ഹാനികരമാകുന്ന രീതിയിൽ വിവോ ഇന്ത്യയെ പ്രതികൾ സഹായിച്ചെന്ന് ഇ.ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയിൽ നികുതി അടയ്ക്കാതിരിക്കാൻ വിവോ-ഇന്ത്യ ചൈനയിലേക്ക് 62,476 കോടി രൂപ “നിയമവിരുദ്ധമായി” കൈമാറ്റം ചെയ്തുവെന്ന് ഇഡി ആരോപിച്ചു. ചൈനീസ് പൗരന്മാരും ഒന്നിലധികം ഇന്ത്യൻ കമ്പനികളും ഉൾപ്പെട്ട വലിയ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം, വിവോ മൊബൈൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും ഗ്രാൻഡ് പ്രോസ്പെക്റ്റ് ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് (ജിപിഐസിപിഎൽ) ഉൾപ്പെടെയുള്ള 23 അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 44 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.
2014 ഡിസംബറിൽ കമ്പനി സംയോജിപ്പിക്കുമ്പോൾ ജിപിഐസിപിഎല്ലും അതിന്റെ ഓഹരി ഉടമകളും വ്യാജ തിരിച്ചറിയൽ രേഖകളും തെറ്റായ വിലാസങ്ങളും ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് കോർപ്പറേറ്റ് കാര്യ മന്ത്രാലയം പരാതി നൽകിയത്.