നാണ്യപ്പെരുപ്പം വരുതിയിലാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സർക്കാരിന് വിശദീകരണ റിപ്പോർട്ട് നൽകാനായി റിസർവ് ബാങ്ക് പണനയ സമിതിയുടെ (എംപിസി) പ്രത്യേക യോഗം നവംബർ 3 ന് ചേരും.
ലക്ഷ്യം കൈവരിക്കാൻ കഴിയാത്തതിന്റെ കാര്യകാരണസഹിതം റിസർവ് ബാങ്ക് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുന്നത് ആദ്യമാണ്.യുഎസിലെ ഫെഡറൽ റിസർവ് അടുത്ത പലിശ നിരക്ക് പ്രഖ്യാപിക്കുന്നതിന്റെ പിറ്റേന്നാണ് ആർബിഐ എംപിസിയുടെ പ്രത്യേക യോഗം എന്ന പ്രത്യേകതയുമുണ്ട്.
രാജ്യത്തെ നാണ്യപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ മുഖ്യപങ്ക് റിസർവ് ബാങ്കിൻറെ ആറംഗ പണനായ സമിതിക്കാണ്. നാണ്യപ്പെരുപ്പം പിടിച്ചു കെട്ടാനാണ് ഇക്കൊല്ലം നാല് തവണയായി ആകെ 1.9% വർദ്ധന പലിശ നിരക്കിൽ വരുത്തിയത് . എന്നിട്ടും കാര്യമായ കുറവുണ്ടായില്ല.
2016ൽ ആർബിഐ നിയമത്തിൽ വരുത്തിയ ഭേദഗതി അനുസരിച്ച്, തുടർച്ചയായ 3 ത്രൈമാസങ്ങളിൽ നാണ്യപ്പെരുപ്പ നിരക്ക് 6 ശതമാനത്തിനു മുകളിൽ തുടർന്നാൽ നാണ്യപ്പെരുപ്പ നിയന്ത്രണ ലക്ഷ്യം കൈവരിക്കുന്നതിൽ സമിതി പെട്ടതായി കണക്കാക്കും. 2016 ലാണ് എംപിസി എന്ന സംവിധാനം നിലവിൽ വന്നത്. അതിനുശേഷം ആദ്യമായാണ് ഇത്തരമൊരു അവസ്ഥയുണ്ടാകുന്നത്. ജനുവരി-മാർച്ച് ത്രൈമാസം: 6.34%, ഏപ്രിൽ-ജൂൺ: 7.28%, ജൂലൈ-സെപ്റ്റംബർ: 7.04% എന്നിങ്ങനെയാണ് നാണ്യപ്പെരുപ്പം. പരാജയത്തിന്റെ കാരണങ്ങൾ, പ്രതിവിധി ലക്ഷ്യം കൈവരിക്കാനുള്ള സമയപരിധി എന്നിവയാണ് സർക്കാരിനു നൽകേണ്ട റിപ്പോർട്ടിലുണ്ടാകേണ്ടത്.