തൃശൂർ സ്വദേശിയും വ്യോമയാന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുമുള്ള മനോജ് ചാക്കോ നയിക്കുന്ന വിമാനക്കമ്പനിയായ ഫ്ലൈ91 കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങുന്നു. നിലവിൽ ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിക്ക് രണ്ട് എടിആർ 72-600 വിമാനങ്ങളാണുള്ളത്. ഈ വർഷാന്ത്യത്തോടെ എണ്ണം ആറിലേക്ക് ഉയർത്തുമെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ മനോജ് ചാക്കോ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
ചെറുനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും സാധാരണക്കാർക്കും വിമാനയാത്ര സാധ്യമാക്കുന്നതുമായ കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിക്ക് കരുത്തേകുന്നതാണ് ഫ്ലൈ91ന്റെ സർവീസുകൾ. ‘അതിരുകളില്ലാത്ത ആകാശം’ എന്ന ടാഗ്‍ലൈനോട് കൂടിയ ലോഗോയാണ് കമ്പനിക്കുള്ളത്. ഇന്ത്യയുടെ ടെലിഫോൺ കോഡിനെ സൂചിപ്പിക്കുന്നതാണ് പേരിലെ 91. കിങ്ഫിഷർ എയർലൈൻസിന്റെ മുൻ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്നു മനോജ്. 200 കോടി രൂപ പ്രാരംഭ മൂലധനത്തോടെയാണ് ഫ്ലൈ91 പ്രവർത്തനം ആരംഭിച്ചത്.
കഴിഞ്ഞ മാർച്ചിലാണ് ഫ്ലൈ91 സർവീസുകൾക്ക് തുടക്കമിട്ടത്. ഗോവ, പൂനെ, സിന്ധുദുർഗ്, ഹൈദരാബാദ്, ബെംഗളൂരു, ജൽഗാവ്, അഗത്തി ദ്വീപ് എന്നിവിടങ്ങളിലേക്കാണ് നിലവിൽ സർവീസുകൾ. വിമാനങ്ങളുടെ എണ്ണം ഉയർത്തി, ഈ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസുകളും വർധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 70 യാത്രക്കാരെ ഉൾക്കൊള്ളുന്ന എടിആർ വിമാനങ്ങൾ തന്നെയാകും കമ്പനി സ്വന്തമാക്കുക.