വിപണിയിൽ ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയർന്നു

വിപണിയിൽ ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയർന്ന് 81.84 എന്ന നിലയിലെത്തി. ഇത് വിദേശ വിപണിയിലെ അമേരിക്കൻ കറൻസിയുടെ ദൗർബല്യമാണ് വ്യക്തമാക്കുന്നത്. ഇന്നലെ 82.11 എന്ന നിലയിലായിരുന്നു യുഎസ് കറൻസിയ്‌ക്കെതിരെ രൂപയുടെ മൂല്യം. 

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.27 ശതമാനം ഇടിഞ്ഞ് 87.09 ഡോളറിലെത്തി. ആഭ്യന്തര വിപണിയിൽ, ബിഎസ്ഇ സെൻസെക്സ് 38.23 പോയിന്റ് അല്ലെങ്കിൽ 0.06 ശതമാനം ഉയർന്ന് 60,431.00 ലും എൻഎസ്ഇ നിഫ്റ്റി 15.60 പോയിന്റ് അല്ലെങ്കിൽ 0.09 ശതമാനം ഉയർന്ന് 17,828 ലും അവസാനിച്ചു. ഇന്നത്തെ വ്യാപാര സെഷനിൽ, ഡോളറിനെതിരെ രൂപയുടെ മൂല്യം 81.83 എന്ന ഉയർന്ന നിലയിലും 82.01 എന്ന താഴ്ന്ന നിലയിലും എത്തിയിരുന്നു. ഡോളർ സൂചിക 0.23 ശതമാനം ഇടിഞ്ഞ് 101.26 ആയി.

ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന വളർച്ച 2023 ജനുവരിയിലെ 5.5 ശതമാനത്തിൽ നിന്ന് ഫെബ്രുവരിയിൽ 5.6 ശതമാനമായി ഉയർന്നു, പ്രധാനമായും വൈദ്യുതി, ഖനനം, ഉൽപ്പാദനം എന്നീ മേഖലകളിലെ മികച്ച പ്രകടനം വളർച്ചയ്ക്ക് സഹായകമായി.ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക (സി‌പി‌ഐ) പണപ്പെരുപ്പം മാർച്ചിൽ 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.66 ശതമാനത്തിത്തിലെത്തി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ (എൻ‌എസ്‌ഒ) നിന്നുള്ള ഡാറ്റ പ്രകാരം ഫെബ്രുവരിയിലെ 6.44 ശതമാനത്തിൽ നിന്നും വലിയ കുറവാണു മാർച്ചിൽ ഉണ്ടായിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ  6.95 ശതമാനമായിരുന്നു രാജ്യത്തെ റീടൈൽ പണപ്പെരുപ്പം.  പച്ചക്കറി വില കുറഞ്ഞതോടെ ഭക്ഷ്യവസ്തുക്കളുടെ വില 4.79 ശതമാനമായി കുറഞ്ഞതാണ് പണപ്പെരുപ്പം കുറയാൻ പ്രധാന കാരണം. നിലവിലെ പണപ്പെരുപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പരിധിക്കുള്ളിലാണ്, ഇത് 2 ശതമാനം മുതൽ 6 ശതമാനം വരെയാണ് ആർബിഐയുടെ പരിധി.

Leave a Reply

Your email address will not be published. Required fields are marked *