സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല സ്ത്രീസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ടൂറിസം ആപ് തയാറാക്കും. സ്ത്രീസൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ടൂർ പാക്കേജുകൾ, അംഗീകൃത വനിതാ ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, ഹൗസ് ബോട്ടുകൾ, ഹോം സ്റ്റേകൾ, വനിതാ ടൂർ ഗൈഡുമാർ, ക്യാംപിങ് സൈറ്റുകൾ, കാരവനുകൾ, ഭക്ഷണശാലകൾ തുടങ്ങി വനിതായാത്രികർക്ക് സഹായകമാകുന്ന എല്ലാ വിവരങ്ങളും ആപ്പിലുണ്ടാകും.
ഉത്തരവാദിത്ത ടൂറിസം മിഷനാണ് ആപ് തയാറാക്കുക. വിദേശ വനിതാ സഞ്ചാരികൾക്ക് ഉൾപ്പെടെ സഹായകമാകുന്ന രീതിയിലേക്ക് ടൂറിസം ആപ് മാറ്റുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര മേഖലയിൽ 10,000 വനിതാ തൊഴിൽ സംരംഭങ്ങളും 30,000 തൊഴിലും ലക്ഷ്യമിടുന്ന പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മൊബൈൽ ആപ്.