വിനോദസഞ്ചാരികളെ ആകർഷിക്കാനും കേരളത്തിന്റെ ഹോർട്ടി വൈനു പ്രചാരം നൽകാനും മാതൃകാ വൈനറി തുടങ്ങാൻ ബവ്റിജസ് കോർപറേഷൻ. വൈനറി ഉടമകളുടെ സംഘടനയുടെ സാങ്കേതിക സഹായത്തോടെ പാലക്കാട്ടാണു സംരംഭം. ബവ്കോയുടെ അധീനതയിലുള്ള മലബാർ ഡിസ്റ്റിലറിയുടെ സ്ഥലം ഇതിനായി ഉപയോഗിക്കും. ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലയിൽനിന്നു കശുമാങ്ങ ശേഖരിച്ചു പാലക്കാട്ടെത്തിക്കും. തോട്ടങ്ങളിൽ പാഴായിപ്പോകുന്ന കശുമാങ്ങ വില നൽകി ബവ്കോ ഏറ്റെടുക്കുന്നതോടെ കർഷകർക്കു വരുമാനം ലഭിക്കുകയും ചെയ്യും.
മലബാർ ഡിസ്റ്റിലറിക്കായി ഇവിടെ 86 ഏക്കർ സ്ഥലമുണ്ട്. ഇതിൽ ചെറിയ ഭാഗം ഉപയോഗപ്പെടുത്തി വൈനറി പ്ലാന്റ് സ്ഥാപിക്കും. 5 കോടിയോളം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. പഴങ്ങൾ ഉപയോഗിച്ചു വൈൻ നിർമിക്കുന്ന രീതി വിനോദസഞ്ചാരികൾക്കു മനസ്സിലാക്കാനും അവരെ ഇതിന്റെ ഭാഗമാകാനും കഴിയും. ടൂറിസം പ്രവർത്തനമാണു ലക്ഷ്യമിടുന്നത്. വൈനറി രംഗത്തേക്കു കടക്കാൻ ആഗ്രഹിക്കുന്നവർക്കും പ്ലാന്റ് പ്രയോജനപ്പെടും. കർഷകരെ സഹായിക്കുന്നതിനായി പഴങ്ങളിൽനിന്നു വൈൻ നിർമിക്കാൻ എക്സൈസ് വകുപ്പ് ചട്ടം രൂപീകരിച്ചിരുന്നു. ഹോർട്ടി വൈൻ എന്ന വിഭാഗത്തിൽ ഈ വൈൻ ബവ്കോ വഴി വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
സംസ്ഥാനത്തു ബവ്കോ വഴി ആകെ വിൽക്കുന്ന ഉൽപന്നങ്ങളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണു വൈൻ വിൽപന. ഹോർട്ടി വൈനിന്റെ വരവ് സുഗമമാക്കുന്നതിനു വൈൻ വിപണിയെ ഉണർത്താനായി അടുത്തിടെ നികുതിയിൽ സർക്കാർ ഇളവ് നൽകിയിരുന്നു. കോവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന അധിക വിൽപന നികുതിയാണു പിൻവലിച്ചത്. നികുതി 112 ശതമാനത്തിൽനിന്ന് 82 ശതമാനമായി കുറഞ്ഞു. ഇതിനു പിന്നാലെയാണു മാതൃകാ വൈനറി സ്ഥാപിക്കുന്നത്.