രാജ്യത്തു നിന്നുള്ള കയറ്റുമതിയുടെ മൂല്യം 2030ന് അകം 2 ലക്ഷം കോടി ഡോളറായി ഉയർത്തുമെന്ന് പ്രഖ്യാപിച്ച് വിദേശ വ്യാപാര നയം കേന്ദ്ര സർക്കാർ പുറത്തിറക്കി. ആവശ്യമനുസരിച്ച് എപ്പോൾ വേണമെങ്കിലും പുതുക്കാൻ വ്യവസ്ഥ ചെയ്താണു കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ നയം പുറത്തിറക്കിയത്.
വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകൾ ഡോളറിനു പകരം ഇന്ത്യൻ രൂപയിലാക്കാൻ ശ്രമം നടത്തും. രൂപയെ ആഗോള കറൻസിയായി മാറ്റുകയാണു ലക്ഷ്യം. ഡോളർ ക്ഷാമം നേരിടുന്ന രാജ്യങ്ങളുമായി രൂപയിൽ ഇടപാടു നടത്താൻ ഇന്ത്യ തയാറാണെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി സുനിൽ ബർത്വാൾ വ്യക്തമാക്കി. റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ദൃഢമാക്കാൻ ഇതു സഹായിക്കുമെന്നാണു വിലയിരുത്തൽ.
വ്യാപാര നയത്തിലെ പ്രധാന വ്യവസ്ഥകൾ:
∙ കയറ്റുമതി പ്രോൽസാഹിപ്പിക്കാൻ തീരുവയിലടക്കം ഇളവ് നൽകാൻ പദ്ധതി.
∙ സംസ്ഥാന, ജില്ലാ അടിസ്ഥാനത്തിൽ കയറ്റുമതിക്ക് അനുയോജ്യമായ ഉൽപന്നങ്ങൾ കണ്ടെത്തും. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുമായി സഹകരിച്ച് അവയുടെ കയറ്റുമതിക്കു വഴിയൊരുക്കും.
∙ കയറ്റുമതിയിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്ക് ഒറ്റത്തവണ ഇളവ്. കസ്റ്റംസ് ഡ്യൂട്ടി കുടിശികയും പലിശയും അടച്ച് ഇളവ് നേടാം.
∙ കയറ്റുമതിയിൽ മികവു പുലർത്തുന്ന സ്ഥാപനങ്ങൾക്കുള്ള അംഗീകാര മുദ്ര (സ്റ്റാർ ട്രേഡിങ് ഹൗസ്) ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകൾ ലളിതമാക്കും.
∙ വാരാണസി, ഫരീദാബാദ്, മൊറാദാബാദ്, മിർസപുർ എന്നിവ ഇനി മുതൽ കയറ്റുമതിയിൽ മികവിന്റെ നഗരങ്ങൾ.
∙ കയറ്റുമതിക്കു യോഗ്യമായ ഉൽപന്നങ്ങൾ നിർമിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയിൽ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ, വെർട്ടിക്കൽ ഫാമിങ് ഉപകരണങ്ങൾ, ഹരിത ഹൈഡ്രജൻ, വസ്ത്ര മേഖലകൾക്ക് ഇളവ് അനുവദിക്കും.
∙ കൊറിയർ സർവീസ് വഴി ഒറ്റ ശേഖരമായി 10 ലക്ഷം രൂപ വരെ വിലയുള്ള ഉൽപന്നം വിദേശത്തേക്ക് അയയ്ക്കാം. നിലവിൽ പരിധി 5 ലക്ഷമാണ്.
∙ ഓൺലൈൻ വഴിയുള്ള ഉൽപന്നങ്ങളുടെ കയറ്റുമതി പ്രോൽസാഹിപ്പിക്കും. ലക്ഷ്യം 2030ന് അകം 30,000 കോടി ഡോളറിന്റെ കയറ്റുമതി.
∙ കയറ്റുമതിയുമായി ബന്ധപ്പെട്ട അപേക്ഷകൾ പൂർണമായി ഡിജിറ്റൽവൽക്കരിക്കും.