വിദേശ ഫണ്ട് സ്വീകരണം സംബന്ധിച്ച പരാതിയിൽ ബൈജൂസ് കമ്പനിക്കെതിരെ ഇഡി അന്വേഷണം .

മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ബൈജൂസിന്റെ ബെംഗളൂരു ഓഫീസിൽ ഇഡി സംഘം റെയ്ഡ് നടത്തി. ബൈജു രവീന്ദ്രന്റെ ബെംഗളൂരുവിലെ വീട്ടിലും രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. ഭവാനി നഗറിലുള്ള ഓഫീസ് സമുച്ചയത്തിലായിരുന്നു റെയ്ഡ്. നിരവധി ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തെന്ന് ഇഡി വ്യക്തമാക്കി.

സ്വകാര്യ വ്യക്തികൾ നൽകിയ പരാതികളിലാണ് ബൈജൂസിനെതിരെ ഇഡി കേസെടുത്തത്. അന്വേഷണത്തിന്‍റെ ഭാഗമായി പലതവണ ബൈജു രവീന്ദ്രന് സമൻസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. 2011 മുതൽ 2023 വരെ ബൈജൂസിന് നേരിട്ടുള്ള വിദേശ നിക്ഷേപമായി കിട്ടിയത് 28,000 കോടി രൂപയാണ്. വിദേശത്ത് പലയിടങ്ങളിലായി 9754 കോടി രൂപ ബൈജൂസ് നിക്ഷേപിച്ചിട്ടുമുണ്ട്. 2020-21 സാമ്പത്തിക വർഷത്തെ സാമ്പത്തിക രേഖകൾ ബൈജൂസ് സമർപ്പിച്ചിട്ടില്ല. അക്കൗണ്ടുകളിൽ ഓഡിറ്റും നടത്തിയിട്ടില്ലെന്നും ഇഡി വൃത്തങ്ങൾ പറയുന്നു. എന്നാൽ ഇതൊരു പതിവ് പരിശോധന മാത്രമാണെന്ന വിശദീകരണവുമായി ബൈജൂസ് രംഗത്ത് വന്നു.

Leave a Reply

Your email address will not be published. Required fields are marked *