കൃത്യസമയത്ത് മുടക്കമില്ലാതെ വീസ ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.
രേഖകളെല്ലാം ഉറപ്പാക്കുക
വീസ അപേക്ഷാ പ്രക്രിയയിലെ ആദ്യത്തേതും പ്രധാനവുമായ ഘട്ടം എല്ലാ രേഖകളും കൈവശമുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. ഓരോ രാജ്യത്തിന്‍റെയും ടൂറിസം വെബ്‌സൈറ്റില്‍ നോക്കിയാല്‍ വീസ അപേക്ഷയ്ക്കായി എന്തൊക്കെ രേഖകള്‍ നല്‍കണം എന്നറിയാം. ഓരോ രാജ്യത്തും ഇതു വ്യത്യാസപ്പെടും. അപേക്ഷാ ഫോമിനൊപ്പം ഇവ സമര്‍പ്പിക്കാതിരിക്കുകയോ അവയില്‍ ഏതെങ്കിലും നഷ്ടപ്പെടുകയോ ചെയ്‌താല്‍ വീസ ലഭിക്കാൻ താമസമുണ്ടാകാം.
തെറ്റായ വിവരങ്ങളും പൊരുത്തക്കേടുകളും ഒഴിവാക്കുക
തെറ്റായ പാസ്‌പോർട്ട് നമ്പർ, പേരിലെ വ്യത്യാസം, വീസ ഫോമിൽ തെറ്റായി പരാമർശിച്ചിരിക്കുന്ന മറ്റേതെങ്കിലും വിവരങ്ങൾ എന്നിവ കാരണം പല വീസ അപേക്ഷകളും നിരസിക്കപ്പെടാറുണ്ട്. ഔദ്യോഗിക വിശദാംശങ്ങൾ കൃത്യമായി പൂരിപ്പിച്ച്, സമർപ്പിക്കുന്നതിന് മുമ്പ് അവ വീണ്ടും പരിശോധിക്കണം.
ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍
പലപ്പോഴും വീസ അപേക്ഷകൾക്ക് അപേക്ഷകരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് ആവശ്യമാണ്. അപേക്ഷകന്റെ ക്രെഡിറ്റ് സ്റ്റെബിലിറ്റി കൂടി നോക്കിയാണ് വീസ നല്‍കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് നല്‍കുമ്പോള്‍ അവ അറ്റസ്റ്റ് ചെയ്യാൻ മറക്കരുത്.
പാസ്‌പോര്‍ട്ട് സ്റ്റാറ്റസ് പരിശോധിക്കുക
വീസയ്ക്ക് അപേക്ഷിക്കുമ്പോൾ, പാസ്‌പോർട്ടിന്‍റെ സാധുതാ കാലയളവ് കൂടി കണക്കിലെടുക്കേണ്ടതുണ്ട്. മിക്ക രാജ്യങ്ങൾക്കും കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട് നിര്‍ബന്ധമാണ്. അതിനാൽ, പാസ്‌പോർട്ട് കാലഹരണപ്പെടാറായോ എന്ന് പരിശോധിക്കണം.
നേരത്തേ അപേക്ഷിക്കുക
ഓരോ രാജ്യത്തേക്കും വിസ പ്രോസസ്സിങ്ങിന് വ്യത്യസ്തമായ സമയമാണ് എടുക്കുന്നത്. ഇത് പലപ്പോഴും യാത്രാ സീസണിലെ തിരക്കിനെയും ആശ്രയിച്ചിരിക്കുന്നു. പീക്ക് സീസണിൽ വീസ പ്രോസസ്സ് ചെയ്യുന്നതിന് പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കും. അവസാന നിമിഷം അപേക്ഷ കൊടുത്താല്‍ യാത്രാ സമയമാകുമ്പോഴേക്കും വീസ കിട്ടണമെന്നില്ല. പല രാജ്യങ്ങളും യാത്രയ്ക്ക് 90 ദിവസം മുമ്പ് വീസ അപേക്ഷകൾ സ്വീകരിക്കാറുണ്ട്. അതിനാൽ, മുൻകൂട്ടി വീസയ്ക്ക് അപേക്ഷിക്കുന്നത് അപ്രതീക്ഷിതമായ കാലതാമസം ഒഴിവാക്കാന്‍ സഹായിക്കും.