വിജയ്‍യുടെ പാൻ ഇന്ത്യൻ ചിത്രം എന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണ് ലിയോ. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം വമ്പൻ വിജയമാകുമെന്ന് പ്രേക്ഷകര്‍ വിശ്വസിക്കുന്നു. പുതിയ പോസ്റ്ററുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയുമാണ്. എന്നാല്‍ വിജയ് ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയും ലിയോയെ ചുറ്റിപ്പറ്റി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു
ലിയോയുടെ ഹിന്ദി പതിപ്പിന്റെ റിലീസ് സംബന്ധിച്ചാണ് ആശങ്കകള്‍. ലീയോയുടെ ഹിന്ദി റിലീസിന് നാഷണല്‍ തിയറ്ററുകള്‍ ചെയിനുകള്‍ മടിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടിടി റിലീസ് വിഷയത്തിലാണ് തര്‍ക്കം. വിജയ് നായകനാകുന്ന ലിയോ സിനിമയുടെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സാണ് നേടിയത്. എന്നാല്‍ നെറ്റ്ഫ്ലിക്സിന്റെ കരാറില്‍ നാല് ആഴ്‍ച കഴിഞ്ഞാല്‍ സ്‍ട്രീമിംഗ് ആരംഭിക്കും എന്നാണ് വ്യവസ്‍ഥ. എന്നാല്‍ കുറഞ്ഞത് എട്ട് ആഴ്‍ചയെങ്കിലും തിയറ്ററില്‍ മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മാത്രമേ നാഷണല്‍ ചെയിനുകളില്‍ റിലീസ് ചെയ്യുകയുള്ളൂവെന്നാണ് അക്കൂട്ടര്‍ വാദിക്കുന്നത്. അതിനിടയില്‍ ലിയോയുടെ നിര്‍മാതാക്കള്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട് എന്നും വിഷയത്തില്‍ പെട്ടെന്ന് വ്യക്തതയുണ്ടാകും എന്നും ആശങ്കപ്പെടേണ്ടതില്ല എന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്‍തിട്ടുണ്ട്.
യുകെ റിലീസില്‍ ലിയോയ്‍ക്ക് കട്ടുകളുണ്ടാകില്ലെന്ന് അറിയിച്ചത് നേരത്തെ വിജയ്‍യുടെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. യുകെയിലെ വിതരണം അഹിംസ എന്റര്‍ടെയ്‍ൻമെന്റ്‍സാണ്. ഓരോ ഫ്രെയിമും അത്രയും പ്രധാനപ്പെട്ടതായതിനാല്‍ ചിത്രം റോ ഫോമില്‍ ആസ്വദിക്കാൻ യുകെയില്‍ അവസരം ഒരുക്കുമെന്നായിരുന്നു അഹിംസ എന്റര്‍ടെയ്‍ൻമെന്റ്സ് അറിയിച്ചത്. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്