വികസനത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളo

പുതിയ ട്രാൻസിറ്റ് ടെർമിനൽ, ഇന്റർനാഷനൽ കാർഗോ ടെർമിനൽ, ഗോൾഫ് ടൂറിസം തുടങ്ങി വികസനത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പിനി (സിയാൽ) മാറുകയാണ്; ഒന്നര വർഷത്തിനിടെ, 3 വമ്പൻ പദ്ധതികൾ കമ്മിഷൻ ചെയ്തു പുതിയ ചരിത്രം കുറിച്ച സിയാൽ പുതിയ പദ്ധതികളുടെ തിരക്കിലാണ്. കണ്ണൂർ പയ്യന്നൂരിലെ സിയാൽ സോളർ പവർ പ്ലാന്റ്, കൊച്ചി വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനൽ, കോഴിക്കോട് അരിപ്പാറയിലെ ജലവൈദ്യുത പദ്ധതി എന്നിവയാണ് ഒന്നര വർഷത്തിനിടെ കമ്മിഷൻ ചെയ്തത്. 

സിയാലിന്റെ പുതിയ പദ്ധതിയായ ട്രാൻസിറ്റ് ടെർമിനലിനായി ടെൻഡർ ക്ഷണിച്ചതു കഴിഞ്ഞ ദിവസം. 39 കോടി രൂപ ചെലവിൽ നിർമിക്കുന്ന ടെർമിനൽ അടുത്ത വർഷം ഫെബ്രുവരിയിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ട്രാൻസിറ്റ് യാത്രക്കാർക്കു താമസിക്കാനുള്ള ഹോട്ടൽ ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് 47,152 ചതുരശ്ര അടി വിസ്തീർണമുള്ള ടെർമിനലിന്റെ പ്രത്യേകത.  50 മുറികളുണ്ടാകും. മണിക്കൂർ അടിസ്ഥാനത്തിലാണു നിരക്കുകൾ. കേരളീയ കലാ, സംസ്കൃതിയുടെ സ്മരണ ഉണർത്തുന്ന ആഡംബര ലോഞ്ച്, ബിസിനസ് സെന്റർ, റസ്റ്ററന്റ്, ബാർ, റീട്ടെയ്ൽ ഷോപ്പുകൾ, റിക്രിയേഷൻ ഏരിയ എന്നിവയും ടെർമിനലിൽ ഉണ്ടാകും. ആഭ്യന്തര, രാജ്യാന്തര, ബിസിനസ് ജെറ്റ് ടെർമിനലുകളിൽ നിന്നു നടന്ന് എത്താവുന്ന ദൂരത്തിലാണു ടെർമിനൽ നിർമിക്കുക. 

ദക്ഷിണേന്ത്യയിലെ വമ്പൻ കാർഗോ ഹബ് ആകുക എന്ന ലക്ഷ്യത്തോടെ കൊച്ചി വിമാനത്താവളത്തിൽ നിർമിക്കുന്ന രാജ്യാന്തര കാർഗോ ടെർമിനൽ നിർമാണം അന്തിമ ഘട്ടത്തിലാണ്. പ്രതിദിനം  250 ടൺ കാർഗോ കൈകാര്യം ചെയ്യാൻ കഴിയും. നിലവിൽ, 150 ടണ്ണാണു ശേഷി. ആധുനിക പാക്കേജിങ്, സ്റ്റോറേജ് സൗകര്യങ്ങളുണ്ടാകും. ചരക്കു നീക്കുന്നതിന് യന്ത്രവൽകൃത സംവിധാനങ്ങളാണു സജ്ജമാക്കുന്നത്. സ്ട്രോങ് റൂം, കസ്റ്റംസ് പരിശോധനയ്ക്കുള്ള ഹാൾ, ഓഫിസ് സൗകര്യം, സ്നാക് ബാർ, ബാങ്ക് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. വിമാനത്താവളം വഴിയുള്ള ചരക്കുനീക്കം വർധിക്കുന്നതു സിയാലിന്റെ വരുമാനത്തിലും വർധനയുണ്ടാക്കും.  

നിലവിലെ ഗോൾഫ് കോഴ്സിൽ കൂടുതൽ കോട്ടേജുകൾ നിർമിച്ചു ഗോൾഫ് ടൂറിസം സാധ്യതകൾ വികസിപ്പിക്കാനും സിയാൽ ലക്ഷ്യമിടുന്നു. തുടർച്ചയായി വികസന പദ്ധതികൾ നടപ്പാക്കി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *