വാറ്റ് നിയമപ്രകാരം നികുതി കുടിശിക ഈടാക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്നു ഹൈക്കോടതി

ജിഎസ്ടി നിയമം പ്രാബല്യത്തിൽ വന്ന ശേഷവും വാറ്റ് നിയമപ്രകാരം മുൻകാലങ്ങളിലെ നികുതി കുടിശിക ഈടാക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിംഗിൾ ജഡ്ജിയുടെ സമാന വിധി ചോദ്യം ചെയ്തു വിവിധ വ്യാപാര സ്ഥാപനങ്ങൾ നൽകിയ അപ്പീലുകൾ ജസ്റ്റിസ് എസ്. വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളി. 

ജിഎസ്ടി നിലവിൽ വന്ന് ഒരു വർഷം കഴിഞ്ഞതിനാൽ നികുതി അധികൃതർ വാറ്റ് കുടിശികയും പിഴയും ഇൗടാക്കുന്നതു ശരിയല്ലെന്ന് ആരോപിച്ച് വ്യാപാര സ്ഥാപനങ്ങൾ നൽകിയ 3250 ഹർജികൾ സിംഗിൾ ജഡ്ജി നേരത്തേ തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീൽ. വാറ്റ് കുടിശിക ഈടാക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും നോട്ടിസ് നൽകിയതിൽ അപാകതയില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

2016ൽ കൊണ്ടുവന്ന 101–ാം ഭരണഘടനാ ഭേദഗതിയിലൂടെ 2017 ജൂലൈ ഒന്നു മുതലാണു ജിഎസ്ടി നടപ്പാക്കിയത്. സാധനങ്ങളെയും സേവനങ്ങളെയും ബാധിക്കുന്ന ഏതെങ്കിലും സംസ്ഥാന നിയമം, ഭരണഘടനാ ഭേദഗതിയിലൂടെ ഉണ്ടാക്കിയ ഈ നിയമവുമായി ഒത്തു പോകുന്നതല്ലെങ്കിൽ അത്തരം കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഒരു വർഷം അനുവദിച്ചിരുന്നു. 

ഈ സമയപരിധി അവസാനിച്ച ശേഷം വാറ്റ് പ്രകാരം നടപടി പാടില്ലെന്ന വാദമാണു വ്യാപാരികൾ ഉന്നയിച്ചത്. എന്നാൽ കേരള വാറ്റ് നിയമത്തിന്റെ കാലത്ത് വ്യാപാരികൾക്കുണ്ടായിരുന്ന ബാധ്യതകളും അത് ഈടാക്കാൻ സർക്കാരിനുള്ള അവകാശവും ജിഎസ്ടി വന്നതിന്റെ പേരിൽ ഇല്ലാതാകുന്നില്ലെന്നു കോടതി പറഞ്ഞു. 

നിയമ പ്രശ്നം തീർപ്പാക്കിയെങ്കിലും നോട്ടിസ് സംബന്ധമായി വ്യാപാരികൾക്കു പരാതിയുണ്ടെങ്കിൽ ചട്ടപ്രകാരമുള്ള പരിഹാര മാർഗങ്ങൾ തേടാൻ സാധ്യമാണെന്നു കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *