ബാങ്കുകളില്‍ നിന്നും വായ്പ എടുക്കാന്‍ വേണ്ടി ജാമ്യം നിന്ന് പിന്നീട് ജാമ്യക്കാരന്‍ ബാധ്യതയിലാകുന്ന അവസ്ഥ നമ്മള്‍ കാണാറുണ്ട്. ബന്ധത്തിന്റെ പേരില്‍ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടിയാകും ജാമ്യം നില്‍ക്കുക. എന്നാല്‍ കടക്കെണിയില്‍ ആകുന്നത് നമ്മളാകും. ജാമ്യം നില്‍ക്കുന്ന ആള്‍ ഇടുന്ന ഒരു ഒപ്പ്, പിന്നീട് വായ്പ എടുത്ത വ്യക്തി തിരിച്ചടവ് മുടക്കി നിങ്ങള്‍ അടയ്‌ക്കേണ്ട അവസ്ഥ വരുമ്പോളാണ് പലരും ഈ ഒപ്പിന്റെ വില മനസിലാക്കുക. കഴിയുന്നതും ഇത്തരം സാഹചര്യങ്ങള്‍ നേരത്തെ തന്നെ ഒഴിവാക്കുന്നതാണ് നല്ലത്. അതിനാല്‍ ജാമ്യം നില്‍ക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
വായ്പ എടുക്കുന്നതിനു തുല്യം
ഒഴിവാകുന്നതിനുള്ള നിങ്ങളുടെ ആവശ്യം ബാങ്കും വായ്പ എടുത്ത വ്യക്തിയും അംഗീകരിക്കണം. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ജാമ്യത്തില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കുകയുള്ളൂ. മിക്ക ബാങ്കുകളും ഇതിനു സമ്മതിക്കാറില്ല.
ജാമ്യക്കാരനെ മാറ്റാം
ജാമ്യക്കാരനെ മാറ്റാന്‍ സാധിക്കും. വായ്പകാരനും ജാമ്യക്കാരനും തമ്മില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ജാമ്യക്കാരനെ മാറ്റാനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജാമ്യക്കാരനില്‍ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് വായ്പകാരന്‍ മുഖാന്തരം ബാങ്കിന് അപേക്ഷ നല്‍കണം. ബാങ്ക് പുതിയ ജാമ്യക്കാരനെ കണ്ടെത്താന്‍ വായ്പകാരന് നിര്‍ദ്ദേശം നല്‍കും. പുതിയ ജാമ്യക്കാരനെ കണ്ടെത്തിയാല്‍ മാത്രം ബാധ്യത ഒഴിയും.
വായ്പ കരാറില്‍ മാറ്റം വരുത്തിയാല്‍
വായ്പ എടുക്കുന്നതിനു മുന്‍പ് കരാറുണ്ടാകും. പലിശ നിരക്ക്, തിരിച്ചടവ് രീതികള്‍, മുന്‍കൂട്ടി അടയ്ക്കുക തുടങ്ങിയ പല കാര്യങ്ങളും വായ്പ കരാറിലുണ്ടാകും. ഇതില്‍ ഏതെങ്കിലും മാറ്റം വരുത്തിയാല്‍ വായ്പയ്ക്ക് ജാമ്യം നിന്ന വ്യക്തിയുടെ ബാധ്യതകള്‍ ഇല്ലാതാവും. ഇത്തരത്തില്‍ ബാങ്കും വായ്പക്കാരനും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ ജാമ്യക്കാരനെ ബാധിക്കില്ല.
എന്നാല്‍ വായ്പ മോറട്ടോറിയം ഈ ഗണത്തില്‍ വരുന്നവയല്ല. റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ആശ്വാസ നടപടിയായതിനാല്‍ മോറട്ടോറിയം സ്വീകരിച്ചൊരാളുടെ വായ്പയില്‍ നിന്ന് ജാമ്യക്കാരന് പിന്മാറാനാകില്ല.
നഷ്ടപരിഹാര കരാര്‍
വായ്പയെടുത്തയാള്‍ തിരിച്ചടവ് മുടക്കുകയും ജാമ്യക്കാരന്‍ ബാധ്യത അടയ്ക്കേണ്ടിയും വന്നാല്‍ പണം തിരികെ വാങ്ങാനുള്ള വഴിയാണ് നഷ്ടപരിഹാര കരാര്‍. ഇതിനായി ജാമ്യക്കാരനും വായ്പയെടുത്തയാളും തമ്മില്‍ നഷ്ടപരിഹാര കരാര്‍ ഒപ്പിടണം.