വായ്പാ പൂർണ്ണമായി തിരിച്ചടച്ചു കഴിഞ്ഞാൽ ആധാരം ഉടനടി തിരിച്ചുനൽകണമെന്ന് റിസർവ് ബാങ്ക്

വായ്പാ തുക പൂർണ്ണമായി തിരിച്ചടക്കുകയോ, തീർപ്പാക്കുകയോ ചെയ്ത് കഴിഞ്ഞാൽ, വായ്പയെടുത്തവർക്ക് അവരുടെ ആധാരം ഉടനടി തിരിച്ചുനൽകണമെന്ന നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച്  സെൻട്രൽ ബാങ്ക്, ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും നിർദ്ദേശവും നൽകി.

ലോൺ എടുത്തയാൾ വായ്പാ തുക പൂർണ്ണമായും തിരിച്ചടച്ച് കഴിഞ്ഞാൽ  30 ദിവസത്തിനകം, ഈടായി നൽകിയ മുഴുവൻ യഥാർത്ഥ രേഖകളും ഉടമയ്ക്ക് തിരിച്ചുനൽകണമെന്നാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശം. ഇക്കാലയളവിൽ  രജിസ്റ്റർ ചെയ്ത മറ്റു ചാർജുകൾ നീക്കം ചെയ്യാനും ആർബിഐ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈടായി നൽകിയ ആധാരം പോലുള്ള രേഖകൾ സെറ്റിൽമെന്റ് കഴിഞ്ഞ് 30 ദിവസത്തിനപ്പുറം തിരിച്ചുനൽകാതിരുന്നാൽ വൈകുന്ന ഓരോ ദിവസത്തിനും 5,000 രൂപ നിരക്കിൽ വായ്പക്കാരന് ബാങ്കുകൾ നഷ്ടപരിഹാരം നൽകണമെന്നും ആർബിഐ മുന്നറിയിപ്പ് നൽകി. 2023 ഡിസംബർ ഒന്ന് മുതൽ ഇത്തരം കേസുകൾക്ക് ആർബിഐയുടെ പുതിയ നടപടിക്രമങ്ങൾ ബാധകമായിരിക്കും.

വ്യക്തിഗത വായ്പകൾ അടച്ചുതീർത്ത് കഴിഞ്ഞാലും, ഈട് നൽകിയ രേഖകൾ തിരികെ ലഭിക്കുമ്പോൾ ബാങ്കുകൾ ഉൾപ്പെടെയുള്ള ചില വായ്പ നൽകുന്ന സ്ഥാപനങ്ങളിൽ നിന്നും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നുവെന്ന പരാതികളെത്തുടർന്നാണ് ആർബിഐ നടപടി. ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ചെറുകിട ധനകാര്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ,സംസ്ഥാന സഹകരണ ബാങ്കുകൾ, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ, എൻബിഎഫ്‌സികൾ,  ഉൾപ്പെടെ മുഴുവൻ വാണിജ്യ ബാങ്കുകൾക്കും ആർബിഐയുടെ നിർദ്ദേശം ബാധകമാണ്

ഈട് നൽകിയ രേഖകൾ  നഷ്‌ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഡ്യുപ്ലിക്കേറ്റ് രേഖകൾ ലഭ്യമാക്കുന്നതിനുള്ള ചെലവും വായ്പാദാതാക്കൾ വഹിക്കണം.അത്തരം സന്ദർഭങ്ങളിൽ,  നടപടിക്രമം പൂർത്തിയാക്കാൻ 30 ദിവസത്തെ അധിക സമയം കൂടി നൽകും.

Leave a Reply

Your email address will not be published. Required fields are marked *