പണം വാഗ്ദാനം ചെയ്തുവരുന്ന ആപ്പുകൾ എല്ലാം ഡൗൺലോഡ് ചെയ്യുന്ന ഘട്ടത്തിൽ ഫോണിലെ കോൺടാക്ട് നമ്പറുകളും ഗാലറിയും വിഡിയോകളുമെല്ലാം ആക്സസ് ചെയ്യാനുള്ള അനുമതി തേടുന്നുണ്ട്. പണം കിട്ടാനുള്ള തിടുക്കത്തിൽ ഇതിനെല്ലാം അനുമതി നൽകും. ഇതാണ് ആദ്യ കുരുക്ക്. കോൺടാക്ട് ഉൾപ്പെടെ ആക്സസ് ചെയ്യാൻ അനുമതി നിഷേധിക്കണം. അതില്ലാതെ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ഉപേക്ഷിക്കുകയും വേണം.
വായ്പയെടുത്ത ശേഷം ഉണ്ടാകുന്ന ഭീഷണികൾ
അപ്പോൾ തന്നെ പൊലീസിനെ അറിയിക്കണം.പണം തിരിച്ചടച്ചില്ലെങ്കിലും ഈ ആപ്പുകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പണം ഇൗടാക്കാൻ ആപ്പ് നിയന്ത്രിക്കുന്നവർക്ക് മാർഗമില്ല. അതുകൊണ്ടാണ് ഭീഷണിപ്പെടുത്തുന്നതും നിങ്ങളുടെ ചിത്രം പ്രൊഫൈലുകളിൽ നിന്നോ സമൂഹമാധ്യമത്തിൽ നിന്നോ എടുത്ത് മോർഫ് ചെയ്ത് ബന്ധുക്കൾക്ക് ഉൾപ്പെടെ അയച്ചു കൊടുക്കുന്നതും. ഭീഷണിയാകുമ്പോൾ തന്നെ പൊലീസിൽ പരാതി നൽകിയാൽ ഇതു തടയാൻ കഴിയും. ഭീഷണി സന്ദേശങ്ങൾ സേവ് ചെയ്യാനും വിളിക്കുന്ന ഫോൺ നമ്പർ കുറിച്ചു വയ്ക്കാനും മറക്കരുത്.
ഏതാണ്ട് 180 ആപ്പുകളാണ് ഇത്തരം വായ്പാ ആപ്പുകളായി രംഗത്തുവന്നതെന്നും ഇതിൽ പലതും നിരോധിച്ചുവെന്നും ഇന്റലിജൻസ് മേധാവി എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. ചൈനീസ് ആപ്പുകളാണ് വായ്പാ വാഗ്ദാനവുമായി രംഗത്തു വന്നത്. ചൈനീസ് ആപ്പുകളെ കേന്ദ്രസർക്കാർ നിരോധിച്ചപ്പോൾ സാമ്പത്തിക ഇടപാട് നടത്തുന്ന ചില ഇന്ത്യൻ സ്ഥാപനങ്ങളുമായി ചേർന്ന് കോൾ സെന്റർ തുടങ്ങി മുഖം മാറ്റി പ്രത്യക്ഷപ്പെടുന്നതാണ് പുതിയ രീതി. ഇതും നിരീക്ഷണത്തിലാണ്.