ഉയർന്നു നിൽക്കുന്ന പണപ്പെരുപ്പം നേരിടാൻ റിസർവ് ബാങ്ക് പലിശ നിരക്കുകൾ ഏകദേശം 2% കൂട്ടുകയുണ്ടായി. വായ്പാവിതരണത്തിലെ വളർച്ചയും ഇതും കൂടി ആയപ്പോൾ നിക്ഷേപകർക്കുള്ള പലിശ എല്ലാ ബാങ്കുകളും കൂട്ടി. ചില സ്വകാര്യ മേഖലാ ബാങ്കുകളും സ്മോൾ ഫിനാൻസ് ബാങ്കുകളും ഏകദേശം 7.75– 8% വരെ പലിശ വാഗ്ദാനം ചെയ്ത് മുന്നോട്ടു വന്നിട്ടുണ്ട്. ഈ നിരക്കുകൾ മിക്കവാറും ദീർഘകാല നിക്ഷേപങ്ങൾക്കാണ്.
ഇതുകൂടാതെ വലിയ നിക്ഷേപങ്ങൾക്ക് ചെറിയ കാലയളവിലേക്കു പോലും ഇതേ നിരക്കുകൾ മൊത്ത വിപണിയിൽ ഇപ്പോൾ നൽകുന്നുണ്ട്. ചുരുക്കത്തിൽ സാധാരണ നിക്ഷേപകർക്കും വമ്പൻ നിക്ഷേപകർക്കും പൊതുവെ ഉയർന്ന പലിശനിരക്കിന്റെ കാലമാണിപ്പോൾ. ഈ ഒരു ട്രെൻഡ് ഈ സാമ്പത്തിക വർഷാവസാനം വരെയെങ്കിലും തുടരും എന്നാണ് ആർബിഐയുടെ പണനയ സമിതി നൽകുന്ന സൂചന.
10 വർഷത്തിലേറെക്കാലത്തെ ഏറ്റവും ഉയർന്ന പലിശ നിരക്കാണ് ഇപ്പോൾ ചെറുകിട നിക്ഷേപകർക്കടക്കം എല്ലാ ബാങ്കുകളും നൽകുന്നത്
നിക്ഷേപകർ 2 കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ഇന്ത്യയിൽ നിക്ഷേപകർക്കുള്ള പരിരക്ഷ, ഡെപ്പോസിറ്റ് ഗ്യാരന്റി സ്കീം പ്രകാരം 5 ലക്ഷം രൂപയാണ്. അതായത് റിസർവ് ബാങ്കിന്റെ ലൈസൻസോടു കൂടി പ്രവർത്തിക്കുന്ന ബാങ്കുകളിലെ നിക്ഷേപത്തിന് ഓരോ സ്ഥാപനത്തിലും ഈ പരിധി വരെ പരിരക്ഷയുണ്ട്. കൂടുതൽ പലിശനിരക്കു മാത്രം കണക്കാക്കി, ഏതെങ്കിലും ബാങ്കിൽ നിക്ഷേപം നടത്തുന്നത് ഉചിതമല്ല.
രണ്ടാമതായി, നിക്ഷേപം നടത്തിയതിനുശേഷം വീണ്ടും അതേ ബാങ്ക് പലിശ നിരക്ക് കൂട്ടിയാൽ ആ നിക്ഷേപം ‘ക്ലോസ്’ ചെയ്ത് പുതുക്കിയ ഉയർന്ന പലിശ നിരക്കിൽ നിക്ഷേപിക്കാം. ഇതിനുള്ള നിർദേശങ്ങൾ എല്ലാ ബാങ്കുകളിലും ഉണ്ട്. നാം തുടങ്ങിയ ദീർഘകാല നിക്ഷേപം അടുത്ത കാലത്താണെങ്കിൽ അത് ക്ലോസ് ചെയ്ത് പുതുക്കിയ ഉയർന്ന പലിശ നിരക്കിൽ നിക്ഷേപിക്കുന്നത് ഗുണകരമാവും.
പണപ്പെരുപ്പതിനേക്കാളേറെ അല്ലെങ്കിൽ അതിന് ആനുപാതികമായുള്ള പലിശ കിട്ടാനുള്ള സാധ്യത തെളിഞ്ഞ അവസരം യുക്തിപൂർവം ഉപയോഗിക്കാൻ സാധിക്കണം
ഈ വർഷത്തെ നിക്ഷേപ വളർച്ച കഴിഞ്ഞ വർഷത്തെ സമാന കാലയളവിലെ അതേതോതിലാണ് നിലകൊള്ളുന്നത് –ഏകദേശം 9/10%. വായ്പാ വളർച്ച ഇരട്ടിക്കാൻ കാരണങ്ങൾ പ്രധാനമായും മൂന്നാണ്. പണപ്പെരുപ്പം മൂലം കമ്പനികളുടെ പ്രവർത്തന മൂലധന ആവശ്യകത കൂടി ഈ വർഷം. നേരത്തേ ഉപയോഗിക്കാതെ നിർത്തിയിരുന്ന ബാങ്ക് വായ്പകൾ ഇപ്പോൾ വലിയ കോർപറേറ്റുകൾ എടുത്തുതുടങ്ങിയിട്ടുണ്ട്. രണ്ടാമതായി ചെറുകിട ഇടത്തരം യൂണിറ്റുകൾ മുൻപത്തേക്കാളേറെ ഈ സാമ്പത്തിക വർഷം ഉണർന്നു പ്രവർത്തിക്കുന്നു, അവരുടെ വായ്പാ ആവശ്യവും കൂടി. 2020നു ശേഷം പൂർണമായും സമ്പദ്ഘടനയുടെ എല്ലാ മേഖലകളിലും വളർച്ച ഈ വർഷമാണു പ്രതിഫലിച്ചുതുടങ്ങിയത്.