വാതുവെപ്പും ചൂതാട്ടവും സംബന്ധിച്ച പരസ്യങ്ങൾ അവസാനിപ്പിക്കണമെന്ന് കേന്ദ്ര നിര്‍ദേശം

വാതുവെപ്പും ചൂതാട്ടവും സംബന്ധിച്ച് ഏത് തരത്തിലുള്ള പരസ്യങ്ങളും പ്രമോഷണൽ ഉള്ളടക്കങ്ങളും കാണിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം. മാധ്യമ സ്ഥാപനങ്ങൾ, ഓൺലൈൻ പരസ്യ ഇടനിലക്കാർ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കി. നിർദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാല്‍ വിവിധ ചട്ടങ്ങൾ പ്രകാരം നടപടി സ്വീകരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.

ചൂതാട്ട, വാതുവയ്പ്പ് പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങൾ ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്കും കുട്ടികൾക്കും, കാര്യമായ സാമൂഹിക – സാമ്പത്തിക അപകട സാധ്യതകൾ സൃഷ്ടിക്കുന്നതായി മന്ത്രാലയം  വ്യക്തമാക്കി. ചൂതാട്ട ആപ്പുകളുടെ ഉപയോക്താക്കളിൽ നിന്ന് പണം ശേഖരിച്ച ഏജന്റുമാര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ധനശേഖരണങ്ങള്‍ക്ക് കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലകളുമായി ബന്ധമുണ്ടെന്നും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *