നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ, ലോകത്തെ ഏറ്റവും കുറ്റമറ്റതെന്ന് കരുതപ്പെടുന്ന സേവനങ്ങളിലൊന്നായ ചാറ്റ്ജിപിറ്റി ഇനി വാട്‌സാപ്പില്‍ നിന്ന് നേരിട്ട് അക്‌സസ് ചെയ്യാം. ഇന്ത്യയില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള സമൂഹ മാധ്യമമായ വാട്‌സാപ് ഉപയോഗിക്കുന്നതിനടയ്ക്ക് ചാറ്റ്ജിപിറ്റിയോട് സംശയങ്ങള്‍ നേരിട്ട് ഉന്നയിക്കാന്‍ താമസിയാതെ സാധിച്ചേക്കും. എന്തിനേറെ, ലാന്‍ഡ് ലൈന്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കു പോലും സേവനം നല്‍കാനാണ് ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ ഉദ്ദേശിക്കുന്നത്. തങ്ങളുടെ, 12 ഡെയ്‌സ് ഓഫ് ഓപ്പണ്‍എഐ സമ്മേളനത്തിനടയ്ക്കാണ് ഇതേക്കുറിച്ചുള്ള പ്രഖ്യാപനം കമ്പനി നടത്തിയിരിക്കുന്നത്. വളരെ പഴക്കമുള്ള ഒരു സാങ്കേതികവിദ്യയാണ് കമ്പനി ഇതിന് പ്രയോജനപ്പെടുത്തുക-ഫോണ്‍ നമ്പര്‍.
വാട്‌സാപ്പില്‍ നിന്നും ലാന്‍ഡ്‌ലൈനില്‍ നിന്നും ടോള്‍-ഫ്രീ നമ്പറിലേക്ക് വിളിച്ചോ, സന്ദേശയച്ചോ ആണ് ചാറ്റ്ജിപിറ്റിയോട് ഇടപെടാന്‍ സാധിക്കുക. വാട്‌സാപ്പില്‍ നിന്ന് 1-800-242-8478 എന്ന നമ്പറില്‍ വിളിച്ചാണ് വിവിധ വിഷയങ്ങളില്‍ ചാറ്റ്ജിപിറ്റിയുടെ പ്രതികരണം അറിയന്‍ സാധിക്കുന്നത്. ചാറ്റ്ജിപിറ്റിയുടെ എല്ലാ ഫീച്ചറുകളും ഇത്തരത്തില്‍ അക്‌സസ് ചെയ്താല്‍ ലഭ്യമായിരിക്കില്ല. ഉദാഹരണത്തിന് ഓണ്‍ലൈന്‍ സേര്‍ച്ച് നടത്താനോ, ഒരു ചിത്രം പഠിച്ച് വിശകലനം ചെയ്യാനോ ആവശ്യപ്പെടാന്‍ സാധിക്കില്ല, എന്ന് ടെക്‌റഡാര്‍.
ഇപ്പോള്‍ ഒരു നിശ്ചിത സമയത്തേക്ക് മാത്രമായിരിക്കും ഫോണും, വാട്‌സാപ്പും വഴി ചാറ്റ്ജിപിറ്റി ഉപയോഗിക്കാന്‍ സാധിക്കുക. എത്ര സമയം എന്ന കാര്യത്തെക്കുറിച്ച് ഓപ്പണ്‍എഐ വ്യക്തത വരുത്തിയിട്ടില്ല. ഓരോ ദിവസവും ഉള്ള സമയം തീരാരാവുമ്പോള്‍ ഒരു ബീപ് കേട്ടു തുടങ്ങും. ഭാവിയില്‍ സമയം വര്‍ദ്ധിപ്പിച്ചേക്കാം. ചാറ്റ്ജിപിറ്റിയുമായി ഫോണ്‍ വഴിയുള്ള ഇടപെടല്‍ തുടക്കത്തില്‍ അമേരിക്കയില്‍ മാത്രമായിരിക്കും സാധിക്കുക. അതേസമയം, തങ്ങളുടെ ദൈനംദിന സംശയനിവാരണ സംവിധാനമായി മാറിയ ചാറ്റ്ജിപിറ്റി, ആപ്പായി തന്നെ തങ്ങളുടെ ഫോണുകളിലും ബ്രൗസറുകളിലും ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞിരിക്കുകയാണ് ലക്ഷക്കണക്കിന് ഉപയോക്കള്‍.