വാട്സാപ്പിലും ടെലിഗ്രാമിലും കെവൈസി ഏർപ്പെടുത്തണം ?

കുറ്റകൃത്യങ്ങൾ തടയുന്നതിനായി വാട്സാപ്, ടെലിഗ്രാം തുടങ്ങിയ കോളിങ്, മെസേജിങ് ആപ്പുകളുടെ ഉപയോക്താക്കൾക്ക് തിരിച്ചറിയൽ നടപടിക്രമം (കെവൈസി) നിർബന്ധമാക്കണമെന്ന് റിലയൻസ് ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെട്ടു.

ജിയോയുടെ ആവശ്യം അംഗീകരിച്ചാൽ ഇത്തരം ആപ്പുകൾ ഉപയോഗിക്കാൻ സർക്കാർ തിരിച്ചറിയൽ രേഖ ഉപയോഗിച്ചുള്ള ഐഡി വെരിഫിക്കേഷൻ വേണ്ടി വരും. ഇവ കേസ് അന്വേഷണത്തിനും മറ്റുമായി പൊലീസ് അടക്കമുള്ള സർക്കാർ ഏജൻസികളുമായി ആവശ്യമനുസരിച്ച് പങ്കുവയ്ക്കണമെന്നാണ് ജിയോയുടെ ആവശ്യം. ടെലികോം കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ ഇന്റർനെറ്റ് അധിഷ്ഠിത കോളിങ്, മെസേജിങ് സേവനങ്ങൾക്ക് ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന വിഷയത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നടത്തുന്ന കൂടിയാലോചന പുരോഗമിക്കുകയാണ്.

വ്യാജമായ പേരുകളിൽ ഇത്തരം ആപ്പുകളിൽ അക്കൗണ്ട് തുടങ്ങാമെന്നും ഇത് സൈബർ തട്ടിപ്പുകൾക്കു വഴിവയ്ക്കുമെന്നും ട്രായിക്കു നൽകിയ റിപ്പോർട്ടിൽ ജിയോ വിശദീകരിക്കുന്നു. ഡിജിറ്റൽ/ ഇന്റർനെറ്റ് സേവനങ്ങളോട് ആളുകൾക്ക് അവിശ്വാസം സൃഷ്ടിക്കാൻ ഇത്തരം തട്ടിപ്പുകൾ കാരണമാകും. ഇത് ടെലികോം കമ്പനികൾക്കും നഷ്ടമുണ്ടാക്കുമെന്നും ജിയോ പറഞ്ഞു.ലൈസൻസിങ് ചട്ടക്കൂട് അടിച്ചേൽപ്പിച്ചാൽ വാട്സാപ്, ടെലിഗ്രാം പോലെയുള്ള സൗജന്യ ഇന്റർനെറ്റ് അധിഷ്ഠിത കോളിങ്, മെസേജിങ് സേവനങ്ങൾക്ക് ഉപയോക്താക്കളിൽ നിന്ന് ചാർജ് ഈടാക്കാൻ നിർബന്ധിതരാകുമെന്ന് ടെക് കമ്പനികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *