ടെലികോം കമ്പനികൾക്കുള്ള അതേ ചട്ടങ്ങൾ വാട്സാപ്, സൂം, ഗൂഗിൾ മീറ്റ്, സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾക്കു ബാധകമാക്കുന്ന കാര്യത്തിൽ കേന്ദ്രം കൂടുതൽ വ്യക്തത വരുത്തിയേക്കാം. കഴിഞ്ഞമാസം പുറത്തിറക്കിയ കരട് ടെലികോം ബില്ല് പുതുക്കി വീണ്ടും പ്രസിദ്ധീകരിച്ചേക്കുമെന്നും സൂചനയുണ്ട്.
ഓവർ ദി ടോപ്പ് (ഒടിടി) സേവനങ്ങൾക്ക് ടെലികോം കമ്പനികളുടെ അതേ വ്യവസ്ഥകൾ ബാധകമാക്കുമെന്നാണ് കരട് ബിൽ സൂചിപ്പിച്ചത്. എന്നാൽ ഒടിടിയുടെ നിർവചനം വ്യക്തമാക്കണമെന്ന് ടെലികോം കമ്പനികളുടെ കൂട്ടായ്മയായ സെല്ലുലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഇൻറർനെറ്റ് കോളിംഗ് സൗകര്യം ടെലികോം കമ്പനികളുടെ വരുമാനം നഷ്ടപ്പെടുത്തുമെന്നതിനാൽ ഒരേ സേവനത്തിന് ഒരേ ചാർജ് ഏർപ്പെടുത്തണം എന്നതായിരുന്നു ടെലികോം കമ്പനികളുടെ ദീർഘകാല ആവശ്യം.30 വരെ കരടുബില്ലിന്മേൽ കേന്ദ്രം പൊതുജനാഭിപ്രായം തേടുകയാണ്. ഈ സമയപരിധി നീട്ടിയേക്കാം