വാട്ടർ ചാർജ് പിഴ കൂട്ടി, പിഴയില്ലാതെ അടക്കാനുള്ള സമയപരിധിയും കുറച്ചു.

ഗാർഹിക ഉപയോക്താക്കൾക്ക് വാട്ടർചാർജ് പിഴ കൂടാതെ അടയ്ക്കാനുള്ള സമയപരിധി 30 ദിവസത്തിൽ നിന്ന് 15 ദിവസമായി കുറച്ചു. ഇനി 15 ദിവസത്തിനുള്ളിൽ ബിൽ അടച്ചില്ലെങ്കിൽ പിഴ ഈടാക്കും.

പിഴ കൂടാതെ ബില്ല് അടയ്ക്കാനുള്ള പതിനഞ്ചു ദിവസത്തെ സമയ പരിധി കഴിഞ്ഞാൽ അതിനു ശേഷമുള്ള 15 ദിവസം 12% പലിശയോടെ ചാർജ് അടയ്ക്കാം. അതു കഴിഞ്ഞാൽ കണക്ഷൻ വിഛേദിക്കുമെന്നു മാത്രമല്ല 18% പലിശയും ഈടാക്കും. ഗാർഹിക കണക്ഷനുകൾക്ക് പ്രതിമാസം 5 രൂപ മാത്രമാണ് പിഴയായി ഇതുവരെ ഈടാക്കിയിരുന്നത്.

ഗാർഹികേതര ഉപയോക്താക്കൾക്കും സമയപരിധി ഇപ്രകാരം തന്നെ. എന്നാൽ ഇവർക്കു 30 ദിവസം കഴിഞ്ഞാൽ 24% ശതമാനം പലിശ ഈടാക്കും. അതിനാൽ നിശ്ചിത സമയപരിധിക്കുള്ളിൽ വാട്ടർ ചാർജ് അടയ്ക്കാൻ ഉപയോക്താക്കൾ ശ്രദ്ധിക്കണം.

ജല അതോറിറ്റിയുടെ സ്വീവേജ് കണക്ഷനുള്ള നിരക്ക് ഗാർഹിക ഉപഭോക്താക്കൾക്ക് 1000 രൂപയായും ഗാർഹികേതര ഉപഭോക്താക്കൾക്ക് 1500 രൂപയായും വർദ്ധിപ്പിച്ചു. ഗാർഹിക ഉപഭോക്താക്കളുടെ നിരക്ക് 500 ൽ നിന്ന് 1500 രൂപയാകും. ഗാർഹികേതര വിഭാഗങ്ങൾക്ക് 1000ൽ നിന്ന് 2500 രൂപയായും വർദ്ധിക്കും. ഫ്ലാറ്റുകളെ ഗാർഹിക ഉപഭോക്താക്കളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാട്ടർ കണക്ഷൻ ഇല്ലാത്ത കെട്ടിടങ്ങൾക്കും ഇനി സ്വീവേജ് കണക്ഷൻ നൽകും.

അടുത്ത വർഷാദ്യം മുതൽ വാട്ടർ അതോറിറ്റിയുടെ എല്ലാ സേവനങ്ങളും ഓൺലൈൻ സംവിധാനത്തിലായേക്കും. ഇതോടെ  കൗണ്ടറുകളുടെ പ്രവർത്തനം നിലയ്ക്കും. നിലവിൽ ശുദ്ധജലവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭിക്കുന്നത് ഇ- ടാപ്പ് സംവിധാനത്തിലൂടെയാണ്. https://etapp.kerala.gov.in എന്ന ലിങ്കിലൂടെ വിവിധ സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം

Leave a Reply

Your email address will not be published. Required fields are marked *