മുംബൈ: രാജ്യത്തെ സാമ്പത്തിക വളർച്ച താഴേക്ക് പോകുന്ന സാഹചര്യത്തിൽ അടുത്ത പണവായ്പ നയത്തിൽ നിരക്കുവർധനയുടെ വേഗം കുറച്ചേക്കും. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്കിൽ മെയ് മുതൽ തുടർച്ചയായി നാലു പണവായ്പ നയങ്ങളിൽ 1.90 ശതമാനത്തിൻ്റെ വർധന വരുത്തി. ഇതിൻറെ ഫലം വിപണിയിലേക്ക് പൂർണമായി കൈമാറാൻ ആറുമാസംവരെ വേണ്ടിവരും എന്നാണ് ആർ.ബി.ഐ. ഗവർണർ ശക്തികാന്തദാസ് നേരത്തെ സൂചിപ്പിച്ചത്.
ഈ സാഹചര്യത്തിൽ നിരക്കുവർധനയിൽ ഒരു ഇടവേളയാകാമെന്ന് പണവായ്പസമിതിയിലെ പുറത്തുനിന്നുള്ള അംഗമായ ജയന്ത് ആർ. വർമ പറയുന്നത്.
പണപ്പെരുപ്പം കുറച്ചുകൊണ്ടുവരാനാണ് പലിശനിരക്ക് ഉയർത്തുന്നത്. ഇപ്പോഴിത് 5.90 ശതമാനത്തിലെത്തി. നിലവിലെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് പലിശനിരക്ക് ആറു ശതമാനത്തിൽ എത്തിയാൽ മതിയാകും. അല്പംകൂടി ഉയർന്നാലും പ്രശ്നമില്ല.
സമ്പദ്ഘടനയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് മൂലധനനിക്ഷേപം ആവശ്യമാണ്. പലിശനിരക്ക് ക്രമം വിട്ടുയർന്നാൽ നിക്ഷേപം കുറയാൻ കാരണമാകും. ഇത് വളർച്ചയെ പിന്നോട്ടടിക്കും. വളർച്ചയെ ബാധിക്കാതെ പണപ്പെരുപ്പം കുറച്ചുകൊണ്ട് വരികയാണ് ആർ.ബി.ഐ.യുടെ ലക്ഷ്യം. ഈ സാഹചര്യത്തിൽ അടുത്ത പണവായ്പനയത്തിൽ നിരക്ക് വർദ്ധനയ്ക്ക് ഇടവേള നൽകുകയോ ചെറിയതോതിൽ പരിമിതപ്പെടുത്തുകയോ ചെയ്യാമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.
അതേസമയം, ഇടവേള എന്നതുകൊണ്ട് പലിശ വർധന അവസാനിപ്പിച്ചു എന്ന് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പണപ്പെരുപ്പം പിടിച്ചുനിർത്താൻ എത്രയും വേഗം പലിശ വർധിപ്പിക്കണമെന്ന നിലപാടായിരുന്നു ജയന്ത് ആർ.വർമ മുന്നോട്ടുവച്ചിരുന്നത്.
പണപ്പെരുപ്പം സെപ്റ്റംബറിൽ 7.4 ശതമാനമായി കൂടിയിട്ടുണ്ട്. ഇത് പലിശനിരക്ക് വീണ്ടും ഉയരാനുള്ള സാധ്യത വർധിപ്പിക്കുന്നു. നിലവിൽ വരുത്തിയിട്ടുള്ള വർധനയുടെ ഫലം വിപണിയിലേക്കെത്താൻ സമയം നൽകുകയാണെങ്കിൽ നിരക്കുവർദ്ധനയിൽ ചെറിയൊരു ഇടവേളക്ക് വഴിതെളിയും.