കണ്ടെയ്നർ കൈകാര്യത്തിൽ വല്ലാർപാടം രാജ്യാന്തര ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ തിരിച്ചടി നേരിടുന്നതിനിടെ, വിമർശനവുമായി വാണിജ്യ സമൂഹം. വല്ലാർപാടം വഴിയുള്ള കണ്ടെയ്നർ നീക്കത്തിനു ചെലവേറിയെന്നും വിവിധ ഏജൻസികൾ വരുത്തുന്ന കാലതാമസം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നുമാണ് ആക്ഷേപം. ഇവയെല്ലാം ടെർമിനലിനെ അനാകർഷകമാക്കുമെന്നാണു വാണിജ്യ സമൂഹം മുന്നോട്ടുവയ്ക്കുന്ന ആശങ്ക. നിരക്കു വർധനയുടെ ഭാരം ആത്യന്തികമായി സാധാരണ ഉപയോക്താക്കളുടെ ചുമലിൽ എത്തുമെന്ന ആശങ്കയും ബാക്കി.
ഏതാനും വർഷങ്ങളായി ശരാശരി 8 –10 % വളർച്ച നേടിയിരുന്ന ടെർമിനലിന് അപ്രതീക്ഷിത തിരിച്ചടിയേറ്റതു കഴിഞ്ഞ സാമ്പത്തിക വർഷമാണ്. കോവിഡ് പ്രതിസന്ധി ഉണ്ടായിട്ടും 2021 – 22 ൽ 7.35 ലക്ഷം ടിഇയു കണ്ടെയ്നറുകൾ വല്ലാർപാടം വഴി നീങ്ങിയപ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷം കൈകാര്യം ചെയ്യാൻ കഴിഞ്ഞത് 6.95 ലക്ഷം ടിഇയു മാത്രം. പോയ സാമ്പത്തിക വർഷം കൊച്ചി ഉൾപ്പെടെ 12 മേജർ തുറമുഖങ്ങൾ ചേർന്നു കൈകാര്യം ചെയ്തതു മൊത്തം 79.5 കോടി ടൺ ചരക്ക്; വർധന 10.4 %. കൊച്ചി കൈകാര്യം ചെയ്തത് 3.53 കോടി ടൺ ചരക്ക്.
മുൻ വർഷത്തെക്കാൾ 2.04 % വളർച്ച. കണ്ടെയ്നർ നീക്കത്തിൽ തിരിച്ചടിയുണ്ടായിട്ടും പിടിച്ചു നിൽക്കാനായതു ബൾക്ക് ചരക്കു കൈകാര്യ മികവിലാണ്. വാണിജ്യ സമൂഹത്തിന്റെ ആശങ്കകൾ കേരള എക്സ്പോർട്ടേഴ്സ് ഫോറം ഉൾപ്പെടെയുള്ള സംഘടനകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും കൊച്ചി പോർട്ട് അതോറിറ്റിയുടെയും ടെർമിനൽ ഓപ്പറേറ്റർമാരായ ഡിപി വേൾഡിന്റെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. റീഫർ കണ്ടെയ്നറുകളുടെ പ്ലഗിങ് ചാർജും വർധിച്ചു. കൊച്ചി പോർട്ട് അതോറിറ്റി വെസൽ ഹാൻഡ്‌ലിങ് നിരക്കുകൾ12.12% വർധിപ്പിച്ചതും തിരിച്ചടിയായി.