കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) വരുമാനം 1000 കോടി രൂപ കടന്നു. ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 1014 കോടി രൂപയാണ് കമ്പനിയുടെ മൊത്ത വരുമാനം. 412.58 കോടി രൂപ അറ്റാദായം നേടി. നികുതിക്ക് മുൻപുള്ള ലാഭം 552.37 കോടി രൂപ. 2022–23 സാമ്പത്തിക വർഷം കമ്പനിയുടെ വരുമാനം 770.9 കോടി രൂപയായിരുന്നു. വരുമാനത്തിലെ വർധന 31.6 ശതമാനമാണ്. മുൻ വർഷത്തെ അറ്റാദായം 267.17 കോടി രൂപയായിരുന്നു. ലാഭത്തിലെ വർധന 54.4 ശതമാനമാണ്.
വ്യോമയാന മേഖലയുടെ വളർച്ച ഉൾക്കൊള്ളുന്നതിനായി ഒട്ടേറെ അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ സിയാൽ നടപ്പാക്കുന്നുണ്ട്. 560 കോടി രൂപ ചെലവിൽ നടത്തുന്ന രാജ്യാന്തര ടെർമിനൽ വികസനമാണ് ഇതിൽ പ്രധാനം. ആഭ്യന്തര ടെർമിനൽ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും പരിഗണനയിലാണ്.വ്യോമയാനേതര വരുമാനം വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളും പുരോഗമിക്കുകയാണ്. പഞ്ചനക്ഷത്ര ഹോട്ടൽ, ഗോൾഫ് കോഴ്സിലെ വാട്ടർ ഫ്രണ്ടേജ് കോട്ടേജുകൾ എന്നിവ പൂർത്തിയാവുന്നു. 152 കോടി രൂപ ചെലവിൽ ടെർമിനലിനു മുൻപിൽ നിർമിക്കുന്ന വാണിജ്യ കേന്ദ്രത്തിന്റെ നിർമാണവും ഉടനെ ആരംഭിക്കും