ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 ആദ്യമായി 2022 EICMA ഷോയിൽ അനാവരണം ചെയ്‍തു. തുടർന്ന് ഗോവയിലെ റൈഡർ മാനിയയിൽ ആയിരുന്നു അതിന്റെ ഇന്ത്യൻ അരങ്ങേറ്റം. 2023-ൽ കമ്പനിയുടെ ആദ്യത്തെ പ്രധാന ഉൽപ്പന്ന ലോഞ്ച് ആയിരിക്കും ഈ ക്രൂയിസർ മോട്ടോർസൈക്കിൾ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മോഡലിന്റെ വില ജനുവരി ആദ്യ ആഴ്ചകളിൽ പ്രഖ്യാപിക്കും. രാജ്യത്തെ ഏറ്റവും ചെലവേറിയ റോയൽ എൻഫീല്‍ഡ് ഓഫറായിരിക്കും ഇത്. ബൈക്കിന്റെ സ്റ്റാൻഡേർഡ് വേരിയന്റിന് ഏകദേശം 3.5 ലക്ഷം രൂപയും ടൂറർ പതിപ്പിന് നാല് ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്.
ആസ്ട്രൽ (നീല, കറുപ്പ്, പച്ച), ഇന്‍റർസ്റ്റെല്ലാർ (ഗ്രേ, ഗ്രീൻ) എന്നീ രണ്ട് കളർ തീമുകളിൽ റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 സ്റ്റാൻഡേർഡ് വേരിയന്റ് ലഭ്യമാകുമെന്ന് കമ്പനി ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. സെലസ്റ്റിയൽ (നീലയും ചുവപ്പും) പെയിന്റ് സ്കീമിലാണ് ടൂറർ വരുന്നത്. ബ്രാൻഡിന്റെ 650 സിസി പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന മൂന്നാമത്തെ റോയൽ എൻഫീൽഡ് ആണിത്, എന്നാൽ പുതിയ ഷാസികളാണുള്ളത്.