വന്ദേഭാരത്-യാത്രക്കാരുണ്ടെങ്കിൽ 16 കോച്ച് തുടരും

കേരളത്തിനു ശുപാർശ ചെയ്തിരുന്നത് 8 കോച്ചുള്ള വന്ദേഭാരത് ആയിരുന്നെങ്കിലും ഉദ്ഘാടനം നേരത്തേ നടത്താൻ നിശ്ചയിച്ചതാണു 16 കോച്ചുകളുള്ള ട്രെയിൻ ലഭിക്കാൻ ഇടയാക്കിയത്. യാത്രക്കാരുണ്ടെങ്കിൽ 16 കോച്ച് തുടരും. അല്ലെങ്കിൽ 8 കോച്ചുകളുള്ള 2 ട്രെയിനാക്കി മാറ്റുമെന്നാണ് അറിയുന്നത്. അങ്ങനെ സംഭവിച്ചാൽ രണ്ടാമത്തെ റേക്ക് കേരളത്തിനു തന്നെ നൽകുമോയെന്നു വ്യക്തമല്ല. തിരുനെൽവേലി–ചെന്നൈ റൂട്ടാണ് അടുത്തതായി ദക്ഷിണ റെയിൽവേയിൽ വന്ദേഭാരത് ഓടിക്കാൻ സാധ്യതയുള്ള റൂട്ട്. 

കേരളത്തിൽനിന്നു സാധ്യതയുള്ള 2 റൂട്ടുകളും കർണാടകയിലേക്കുള്ളതാണ് (എറണാകുളം–മംഗളൂരു, എറണാകുളം–ബെംഗളൂരു) കർണാടകയിൽ തിരഞ്ഞെടുപ്പു പെരുമാറ്റം ചട്ടം നിലനിൽക്കുന്നതിനാൽ ഇവ ഉടനുണ്ടാകില്ലെന്നാണു സൂചന. ബിജെപി രാഷ്ട്രീയ സമ്മർദം ചെലുത്തിയാൽ കേരളത്തിനുള്ളിൽ തന്നെ മറ്റേതെങ്കിലും റൂട്ടിൽ രണ്ടാം വന്ദേഭാരത് ഓടാം.  വന്ദേഭാരത് കാസർകോട്, മംഗളൂരു എന്നിവിടങ്ങളിലേക്കു നീട്ടണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും ട്രാക്കിലെ വേഗം കൂട്ടാതെ ഇതിനു കഴിയില്ലെന്നാണു റെയിൽവേ നിലപാട്. 

വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കുമ്പോൾ മണിക്കൂറിൽ കുറഞ്ഞത് 110 കിലോമീറ്ററെങ്കിലും ശരാശരി വേഗം ലഭിക്കണമെന്നാണു റെയിൽവേ ബോർഡ് നിർദേശിച്ചിരിക്കുന്നത്. നിലവിൽ ഷൊർണൂർ – മംഗലാപുരം സെക്‌ഷനിൽ മാത്രമാണ് 110 കിലോമീറ്റർ വേഗം സാധ്യമാകുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *