വന്ദേഭാരത് ഉദ്ഘാടനം ഗംഭീരമാക്കാൻ റെയിൽവേ നിർദേശം. വിവിധ വിഭാഗങ്ങളിൽ നിന്നു ജീവനക്കാരെ പരിപാടിയിൽ പങ്കെടുപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. കൂടുതൽ ജീവനക്കാർ എൻജിനീയറിങ് വിഭാഗത്തിൽ നിന്നാണ്, 500 പേർ. വന്ദേഭാരത് ട്രെയിനിനുള്ളിലെ അനൗൺസ്മെന്റ് സന്ദേശങ്ങൾ മലയാളത്തിൽ റിക്കോർഡ് ചെയ്യാനായി ചെന്നൈ ഐസിഎഫിൽ നിന്ന് അയച്ചുകൊടുത്തിട്ടുണ്ട്. മെട്രോ മാതൃകയിൽ അടുത്ത സ്റ്റേഷൻ സംബന്ധിച്ച അറിയിപ്പുകൾ കോച്ചിനുള്ളിൽ ലഭിക്കും. 25ന് വന്ദേഭാരതിന്റെ കന്നിയാത്രയിൽ ക്ഷണിക്കപ്പെട്ടവർക്കാണു പ്രവേശനം. ഉദ്ഘാടന സർവീസ് സ്റ്റോപ്പില്ലാത്ത ചില പ്രധാന സ്റ്റേഷനുകളിലും നിർത്തും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വന്ദേഭാരത് സെൽഫി പോയിന്റുകളും സജ്ജീകരിക്കും.
26 മുതലുള്ള സർവീസുകളിൽ ടിക്കറ്റ് റിസർവ് ചെയ്തു യാത്ര ചെയ്യാം. അന്തിമ വിജ്ഞാപനം വന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ട്രെയിൻ ഐആർസിടിസി വെബ്സൈറ്റിൽ ബുക്കിങ്ങിന് ലഭ്യമാകും. വന്ദേഭാരതിൽ മികച്ച ഭക്ഷണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഐആർസിടിസി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം വേണോ വേണ്ടയോ എന്നു തീരുമാനിക്കാം. ഇത് അനുസരിച്ചു ടിക്കറ്റ് നിരക്കു വ്യത്യാസപ്പെടും.