ഒരു ലക്ഷം വനിതാ സലൂൺ, ബ്യൂട്ടി പാർലർ ഉടമകൾക്ക് സാമ്പത്തിക സഹായവും പരിശീലനവും നൽകുന്ന പദ്ധതിയുമായി നിതി ആയോഗ്. നിതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്‌ഫോം (ഡബ്ല്യുഇപി) വഴിയാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ വികസിപ്പിക്കാൻ സഹായം നൽകുന്നത്. പ്രമുഖ ഓൺലൈൻ ബ്യൂട്ടി സർവീസ് കമ്പനിയായ ‘അർബൻ കമ്പനിയുമായി’ സഹകരിച്ചാണ് പദ്ധതി. വനിതാ സലൂൺ, ബ്യൂട്ടി പാർലർ ഉടമകൾക്കായിരിക്കും പദ്ധതിയുടെ ഭാഗമാകാൻ അവസരമുണ്ടാകുക.
വിവിധ വായ്പ പദ്ധതികൾക്കു പുറമേ തിരഞ്ഞെടുക്കപ്പെടുന്ന വനിതാ സംരംഭകർക്ക് വ്യവസായ വിപുലീകരണത്തിന്റെ പല മേഖലകളെക്കുറിച്ച് ക്ലാസുകൾ നൽകും. നൈപുണ്യവികസനം, നിയമവശങ്ങൾ, ധനകാര്യം, മാർക്കറ്റിങ്, സംരംഭക വികസനം, നെറ്റ്‍വർക്കിങ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. പദ്ധതിയിലൂടെ ശേഖരിക്കുന്ന സ്ഥിതിവിവരക്കണക്കുകളും പഠനങ്ങളും ഉപയോഗിച്ച് വിവിധ മാതൃകകൾ വികസിപ്പിക്കുന്നതിനും രാജ്യ വ്യാപകമായി വനിതാ എംഎസ്എംഇകളെ പരിപോഷിപ്പിക്കാനും നിതി ആയോഗ് ലക്ഷ്യമിടുന്നു. ഡബ്ല്യുഇപി വെബ്സൈറ്റിൽ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്നും അപേക്ഷ സമർപ്പിക്കേണ്ട പോർട്ടൽ ഉടൻ തയാറാക്കുമെന്നും അധികൃതർ അറിയിച്ചു.