ലോഡ് ഷെഡിങ് ഭീഷണി രൂക്ഷം;സംസ്ഥാനം ഗുരുതര പ്രതിസന്ധിയിലേക്ക്.

ഡാമുകളിലെ വെള്ളം അതിവേഗം തീരുകയും പുറത്തുനിന്നുള്ള വൈദ്യുതിക്കു വലിയ വില നൽകേണ്ടിവരികയും ചെയ്യുന്നതിനാൽ സംസ്ഥാനം ഗുരുതര പ്രതിസന്ധിയിലേക്ക്. ഇപ്പോഴത്തെ രീതിയിൽ പോയാൽ വൈകാതെ ലോഡ് ഷെഡിങ് വേണ്ടി വരും.

ജലവൈദ്യുതി ഉൽപാദനം കൂട്ടിയതോടെ, പ്രധാന നിലയങ്ങളായ ഇടുക്കിയിലും ശബരിഗിരിയിലും ജലനിരപ്പ് താഴുകയാണ്. ബുധനാഴ്ച 2.23 കോടി യൂണിറ്റ് ജലവൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. മുൻവർഷങ്ങളിൽ കനത്ത മഴ ലഭിക്കുമ്പോൾ പോലും ജലവൈദ്യുതി ഉൽപാദനം 2 കോടി യൂണിറ്റ് കവിഞ്ഞിരുന്നില്ല. ചെറിയ ഡാമുകളിലെ വെള്ളം ഉപയോഗിക്കുകയും ഇടുക്കി, ശബരിഗിരി, ഇടമലയാർ തുടങ്ങിയ ഡാമുകളിൽ കഴിയുന്നത്ര വെള്ളം സംഭരിക്കുകയുമായിരുന്നു പതിവ്.

എന്നാൽ, പവർ എക്സ്ചേഞ്ചിൽ വൈദ്യുതി ലഭ്യത കുറയുകയും വില യൂണിറ്റിനു 10 രൂപയായി ഉയരുകയും ചെയ്തതോടെ ജലവൈദ്യുതി ഉൽപാദനം വൻതോതിൽ വർധിപ്പിക്കേണ്ടി വന്നു. ഇന്നത്തെ രീതിയിൽ ഉൽപാദനം തുടർന്നാൽ ജനുവരിയാകുമ്പോഴേക്കും ഡാമുകൾ വറ്റും.

നടപടിക്രമങ്ങളിലെ വീഴ്ച മൂലം റദ്ദാക്കിയ 465 മെഗാവാട്ടിന്റെ കരാറുകളുടെ കാലാവധി റഗുലേറ്ററി കമ്മിഷൻ നീട്ടിനൽകിയെങ്കിലും അതിൽനിന്ന് ഒരു യൂണിറ്റ് പോലും ലഭിക്കുന്നില്ല. ഇതിൽ പകുതി എൻടിപിസി നിലയങ്ങളിൽനിന്നാണ്. സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയാൽ ഇതു ലഭ്യമാക്കാമെങ്കിലും അതിനുള്ള ശ്രമം നടക്കുന്നില്ല.

ദീർഘകാല കരാർ അനുസരിച്ച് 500 മെഗാവാട്ട് വാങ്ങാനുള്ള ടെൻഡർ നാലിനും ഹ്രസ്വകാല കരാറിൽ 200 മെഗാവാട്ട് വാങ്ങാനുള്ള ടെൻഡർ അഞ്ചിനും അടുത്ത മഴക്കാലത്ത് തിരികെനൽകാമെന്ന വ്യവസ്ഥയിൽ 500 മെഗാവാട്ട് വാങ്ങാനുള്ള ടെൻഡർ ആറിനും തുറക്കും. ടെൻഡർ ഉറപ്പിച്ചാലും വൈദ്യുതി ലഭിച്ചുതുടങ്ങാൻ ഒക്ടോബർ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *