ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് ഐഎംഎഫും എഡിബിയും

ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയായി ഈ വർഷവും 2025ലും ഇന്ത്യ തന്നെ തുടരുമെന്ന് പ്രവചിച്ച് രാജ്യാന്തര നാണ്യനിധിക്ക് (IMF) പിന്നാലെ ഏഷ്യൻ വികസന ബാങ്കും (ADB). നടപ്പ് സാമ്പത്തിക വർഷം (2024-25) ഇന്ത്യക്ക് 7 ശതമാനം ജിഡിപി വളർച്ചയാണ് ഇരു സ്ഥാപനങ്ങളും വിലയിരുത്തുന്നത്. ഇന്ത്യ 6.8 ശതമാനം വളരുമെന്ന മുൻ അഭിപ്രായം ഐഎംഎഫ് 7 ശതമാനമായി പുതുക്കുകയായിരുന്നു.

2025-26 ൽ ഇന്ത്യയുടെ വളർച്ച 6.5 ശതമാനമായിരിക്കുമെന്നും ഐഎംഎഫ് പറയുന്നു. കലണ്ടർ വർഷം കണക്കാക്കിയാൽ 2024ൽ 7.3 ശതമാനം, 2025ൽ 6.5 ശതമാനം എന്നിങ്ങനെ വളർച്ചയും ഇന്ത്യക്ക് ഐഎംഎഫ് പ്രവചിക്കുന്നു. നേരത്തേ റിസർവ് ബാങ്കും നടപ്പുവർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രതീക്ഷ 7 ശതമാനത്തിൽ നിന്ന് 7.2 ശതമാനത്തിലേക്ക് ഉയർത്തിയിരുന്നു.മികച്ച മൺസൂണാണ് ഉയർന്ന വളർച്ചയ്ക്ക് ഇന്ത്യക്ക് കരുത്താകുകയെന്ന് എഡിബി ചൂണ്ടിക്കാട്ടുന്നു. പൊതു, സ്വകാര്യ നിക്ഷേപങ്ങളിലെ വർധനയും നേട്ടമാകും. വാണിജ്യ കയറ്റുമതി ക്ഷീണിക്കുമെങ്കിലും സേവന മേഖലയുടെ മികച്ച പ്രകടനം മൊത്തം കയറ്റുമതി മേഖലയ്ക്ക് ഉണർവാകുമെന്നും എഡിബിയുടെ റിപ്പോർട്ടിലുണ്ട്. ഗ്രാമീണ മേഖലയിലെയടക്കം ഉപഭോഗ വർധനയാണ് ഇന്ത്യക്ക് നേട്ടമാകുകയെന്ന് ഐഎംഎഫും വിലയിരുത്തുന്നു.

2022-23ൽ 7 ശതമാനമായിരുന്ന ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (GDP) വളർച്ച കഴിഞ്ഞവർഷം (2023-24) 8.2 ശതമാനമായി ഉയർന്നിരുന്നു. ഇത് നടപ്പുവർഷം 7-7.2 ശതമാനം നിലവാരത്തിലേക്ക് താഴുമെന്നാണ് അനുമാനമെങ്കിലും, ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് എഡിബി, ഐഎംഎഫ് എന്നിവയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *