ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമ്മാണ കേന്ദ്രമായി ഉയരും- നിതിൻ ഗഡ്‍കരി

ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത വാഹന (ഇവി) നിർമ്മാണ കേന്ദ്രമായി ഇന്ത്യക്ക് ഉയർന്നു വരാൻ കഴിയുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജമ്മു കശ്‍മീരിൽ അടുത്തിടെ കണ്ടെത്തിയ ലിഥിയം-അയൺ കരുതൽ ശേഖരം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഗഡ്‍കരി, ഇവിടെ ഇവി നിർമ്മാണത്തിലേക്ക് വലിയ ത്വരിതപ്പെടുത്തലിന് വലിയ സാധ്യതയുണ്ടെന്ന് അടിവരയിട്ട് പറഞ്ഞത്. 

ദില്ലിയിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഗഡ്‍കരി, വരും കാലങ്ങളിൽ ലിഥിയം ഇറക്കുമതി കുറയ്ക്കുന്നതിലൂടെ ഇന്ത്യയ്ക്ക് ശക്തമായ ഇവി കരുത്തായി ഉയർന്നുവരാൻ കഴിയുമെന്ന് വ്യക്തമാക്കിയത്. “ഓരോ വർഷവും നമ്മൾ 1,200 ടൺ ലിഥിയം ഇറക്കുമതി ചെയ്യുന്നു. ഇപ്പോൾ ജമ്മു കശ്മീരിൽ ലിഥിയം ലഭിച്ചു. നമുക്ക് ഈ ലിഥിയം അയോൺ ഉപയോഗിക്കാൻ കഴിയുമെങ്കിൽ, ഞങ്ങൾ ലോകത്തിലെ ഒന്നാം നമ്പർ വാഹന നിർമ്മാണ രാജ്യമാകും,” അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ധരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യ അടുത്തിടെ ജപ്പാനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായി മാറിയിരുന്നു. ഇപ്പോൾ ചൈനയ്ക്കും യുഎസിനും തൊട്ടു പിന്നിൽ ആണ് ഇന്ത്യ. ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം ഏകദേശം 7.5 ലക്ഷം കോടി ഡോളർ മൂല്യമുള്ളതാണെന്ന് ഗഡ്‍കരി പറയുന്നു. ഇവികളുടെ നിർമ്മാണത്തിലെ പ്രധാന ഘടകമായ ഏകദേശം ലിഥിയത്തിന്‍റെ ഏകദേശം 5.9 ദശലക്ഷം ടൺ ജമ്മു കശ്‍മീരില്‍ കണ്ടെത്തിയതോടെ , സീറോ-എമിഷൻ മൊബിലിറ്റിയുടെ സാധ്യതകൾ ത്വരിതപ്പെടുത്താനുള്ള കഴിവും ഇന്ത്യയ്ക്കുണ്ട്. കൂടാതെ, ജമ്മു കശ്‍മീരില്‍ ലഭ്യമായ ലിഥിയം ഉയർന്ന ഗ്രേഡുള്ളതാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *