മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ൽ ഹോൾഡിങ് പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഒക്ടോബർ 28ന് തുടക്കമാകും. യുഎഇയിലെ അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് 25% ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുക. 10% ഓഹരികൾ ചെറുകിട നിക്ഷേപകർക്കായി നീക്കിവയ്ക്കും. 89% ഓഹരികൾ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക് ബാക്കി ഒരു ശതമാനം ലുലുവിന്റെ ജീവനക്കാർക്കുമായിരിക്കും.
റീറ്റെയ്ൽ നിക്ഷേപകർക്കും ക്യുഐബിക്കും മിനിമം 1,000 ഓഹരികൾക്കായി അപേക്ഷിക്കാം. യോഗ്യരായ ജീവനക്കാർക്ക് മിനിമം 2,000 ഓഹരികൾ ഉറപ്പുനൽകും. ഒക്ടോബർ 28ന് ഐപിഒ ആരംഭിക്കുംമുമ്പ് ഓഹരിവില പ്രഖ്യാപിക്കും. റീറ്റെയ്ൽ നിക്ഷേപകർക്ക് മിനിമം സബ്സ്ക്രിപ്ഷൻ തുക 5,000 ദിർഹമായിരിക്കും (ഏകദേശം 1.14 ലക്ഷം രൂപ) എന്ന് സൂചനകളുണ്ട്. തുടർന്ന് 1,000 ദിർഹത്തിന്റെ (22,800 രൂപ) ഗുണിതങ്ങളുടെ അധിക ഓഹരികൾക്കായും അപേക്ഷിക്കാം. ക്യുഐബികൾക്ക് മിനിമം സബ്സ്ക്രിപ്ഷൻ തുക 50 ലക്ഷം ദിർഹമായേക്കും (11.44 കോടി രൂപ). 258.2 കോടി ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിച്ചേക്കുക. നവംബർ 5 വരെയാകും ഐപിഒ.