ഭക്ഷ്യരംഗത്ത് ചരിത്രപരമായ കാൽവെപ്പിന് തുടക്കം. ലാബിൽ വികസിപ്പിച്ച മാംസം വിൽപ്പനക്കുള്ള അന്തിമ അനുമതി യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് നൽകി. അപ്സൈഡ് ഫുഡ്സ്, ഗുഡ് മീറ്റ് എന്നീ കമ്പനികൾക്കാണ് ലാബിൽ വികസിപ്പിച്ച മാംസം വിൽക്കാൻ അനുമതി നൽകിയത്. കന്നുകാലികളുടെ കോശങ്ങളിൽ നിന്നാണ് മാംസം ലാബിൽ വികസിപ്പിച്ചെടുക്കുന്നത്. ഇത്തരത്തിലുള്ള മാംസം ഭക്ഷ്യ യോഗ്യമാണെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നേരത്തെ അറിയിച്ചിരുന്നു.
ഇതോടെ സിംഗപ്പൂരിന് ശേഷം ലാബിൽ വികസിപ്പിച്ച മാംസം വിൽക്കാൻ അനുമതി നൽകുന്ന രണ്ടാമത്തെ രാജ്യമായി അമേരിക്ക മാറും. അനുമതി ലഭിച്ചത് സ്വപ്ന സാക്ഷാത്കാരമാണെന്ന് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ അപ്സൈഡ് സിഇഒ ഉമ വലേറ്റി പറഞ്ഞു. ഭക്ഷ്യരംഗത്ത് പുതിയ യുഗത്തിന് തുടക്കമാകുകയാണെന്നും അവർ പറഞ്ഞു. നിലവിൽ ചിക്കനാണ് ഇവർ ലാബിൽ വികസിപ്പിക്കുന്നത്.
മൃഗങ്ങളുടെ ടിഷ്യൂകളിൽ നിന്നുള്ള സാമ്പിൾ സെല്ലുകൾ സ്വീകരിച്ചാണ് മാംസം വികസിപ്പിക്കുക. ഈ നടപടികൾക്ക് മൃഗത്തെ കൊല്ലുകയോ ഉപദ്രവിക്കുകയോ വേണ്ട. മൃഗങ്ങളിൽ നിന്ന് വേർതിരിച്ച കോശങ്ങൾ പിന്നീട് സജ്ജീകരിച്ച സംവിധാനത്തിൽ വളർത്തുന്നു. കോശങ്ങൾ ആവശ്യമുള്ള സ്വഭാവസവിശേഷതകൾ കൈവരിച്ചാൽ സംസ്കരിച്ച് പാക്കേജു ചെയ്യാനാകും.
ബിയർ ഉണ്ടാക്കുന്നതിന് സമാനമാണണെന്നാണ് അപ്സൈഡ് ഫുഡ്സ് അതിന്റെ വെബ്സൈറ്റിൽ പറയുന്നത്. മൃഗങ്ങളെ അറുക്കാതെ തന്നെ യഥാർത്ഥ മാംസം ഉൽപാദിപ്പിക്കാമെന്നും കമ്പനി പറയുന്നു. ഔവർ വേൾഡ് ഇൻ ഡാറ്റ പ്രകാരം ലോകത്തിലെ വനനശീകരണത്തിന്റെ 40 ശതമാനവും ബീഫ് ഉൽപ്പാദനം കാരണമാണ്. പരമ്പരാഗതമായ മാംസ ഉൽപാദനമാണ് ലോകത്തിലെ ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ 14.5 ശതമാനവും സൃഷ്ടിക്കുന്നു എന്നാണ് യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ പറയുന്നത്