ലാപ്ടോപ്പ് ഇറക്കുമതി നിയന്ത്രണം; ഇന്ത്യക്കെതിരെ അമേരിക്കയും ചൈനയും

ലാപ്ടോപ്, കമ്പ്യൂട്ടറുകള്‍,എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ അമേരിക്ക, ചൈന, തായ്‌വാൻ എന്നീ രാജ്യങ്ങള്‍ രംഗത്ത്. ജനീവയില്‍ വച്ച് നടന്ന ലോക വ്യാപാര സംഘടനയുടെ വിപണി പ്രവേശനവുമായി ബന്ധപ്പെട്ട ഗ്രൂപ്പ് യോഗത്തില്‍ രാജ്യങ്ങള്‍ ഇക്കാര്യം ഉന്നയിച്ചു.

ഇന്ത്യയിലേക്കുള്ള തങ്ങളുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നതാണ് തീരുമാനമെന്ന് അമേരിക്ക ചൂണ്ടിക്കാട്ടി. കയറ്റുമതി മേഖലയില്‍ തന്നെ അനിശ്ചിതത്വം സൃഷ്ടിക്കുന്നതാണിതെന്നും അമേരിക്ക ആരോപിച്ചു.ഇന്ത്യയുടെ നീക്കം ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ദക്ഷിണ കൊറിയ കുറ്റപ്പെടുത്തി. തീരുമാനം പുനപരിശോധിക്കണമെന്നും കൊറിയ ആവശ്യപ്പെട്ടു.

ഓഗസ്റ്റ് മൂന്നിനാണ് ആഗോള ടെക് ഭീമന്‍മാരെ ഞെട്ടിച്ച് ഇറക്കുമതി നിയന്ത്രണം ഇന്ത്യ പ്രഖ്യാപിച്ചത്. ലാപ്ടോപ്പിന് പുറമേ പേഴ്സണല്‍ കമ്പ്യൂട്ടര്‍, മൈക്രോ കമ്പ്യൂട്ടറുകള്‍, ചില ഡേറ്റ പ്രോസസിംഗ് മെഷീനുകള്‍ എന്നിവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാണ് നിയന്ത്രണം കൊണ്ടുവന്നത്.

വിദേശ രാജ്യങ്ങളില്‍ നിന്ന് ഇത്തരം ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ നിയന്ത്രിത ഇറക്കുമതിക്കുള്ള ലൈസന്‍സ് ഉള്ളവയായിരിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഈ രംഗത്ത് ആഭ്യന്തര ഉല്‍പാദനം കൂട്ടാനും ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാനുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.

അതേ സമയം ലൈസന്‍സിംഗ് ഏര്‍പ്പെടുത്തുകയല്ല ഉത്തരവിലൂടെ ലക്ഷ്യമിടുന്നതെന്നും ഇറക്കുമതി നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും ഏതാണ്ട് 8 ബില്യണ്‍ ഡോളറിന്‍റെ ഇത്തരം ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *