ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാരുടെ വരുമാനം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ എട്ട് മാസങ്ങളിൽ 76% ഉയർന്ന് 43,324 കോടി രൂപയായതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ വരുമാനം യാത്രക്കാരുടെ ടിക്കറ്റ് നിരക്കില്‍ നിന്നും ലഭിക്കുമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2022-2023 സാമ്പത്തിക വർഷത്തിൽ 58,500 കോടിയാണ് റെയില്‍ യാത്രക്കാരുടെ വരുമാനത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വെയ്ക്ക് യാത്രക്കാരില്‍ നിന്നും ലഭിച്ച വരുമാനം 39,104 കോടിയായിരുന്നു. ഇതില്‍ നിന്നും 50% വർധനവാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.
റെയില്‍വേ നടപ്പിലാക്കിയ ഡൈനാമിക് ഫെയർ പ്രൈസിംഗ് സംവിധാനം വരുമാന വര്‍ദ്ധനവില്‍ ഗണ്യമായ സംഭാവന നൽകിയെന്നാണ് റെയില്‍വേ പറയുന്നത്. കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ ഉണ്ടായിട്ടും ഇത് ഗുണം ചെയ്തുവെന്ന് റെയില്‍വേ പറയുന്നു.
റെയിൽവേയുടെ ചരക്ക് ലോഡിംഗ് 2022 ഏപ്രിൽ-നവംബർ 978.72 മെട്രിക് ടൺ ആയി ഉയര്‍ന്നിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 8% കൂടുതലാണ് ഇത്. ഈ കാലയളവിൽ റെയില്‍വേ ചരക്ക് വരുമാനം 1.06 ട്രില്യൺ രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 16% കൂടുതലാണ് ഇത്.
ഈ കാലയളവിൽ റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിഭാഗത്തിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 1,728 കോടി രൂപയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് 422% വർധിച്ച് 9,021 കോടി രൂപയായി വര്‍ദ്ധിച്ചു.
റിസർവ്ഡ് പാസഞ്ചർ വിഭാഗത്തില്‍ 2022 ഏപ്രിൽ-നവംബർ കാലയളവിൽ ഏകദേശം 536.5 ദശലക്ഷം യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്തുവെന്നാണ് റെയില്‍വേ പറയുന്നത്. ഇതില്‍ മാത്രം 10% വാർഷിക വർദ്ധനവ് ഉണ്ടായതായി റെയില്‍വേ പറയുന്നു.