അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് അധികവായ്പയ്ക്ക് അനുമതി നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2 ബില്യൺ ഡോളർ വായ്പ അനുവദിക്കാനാണ് ആർ ബി ഐ അനുമതി നൽകിയത്. ഇന്ത്യൻ രൂപയുടെ അടിസ്ഥാനത്തിൽ ഏറക്കുറെ പതിനാറായിരം കോടിയിലധികം വരും.
2022-23 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 3 ബില്യൺ ഡോളറിന് പുറമെയാണിത്. ഈ പണം പ്രവർത്തന മൂലധന ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും, ഊർജ്ജ, ടെലികോം ബിസിനസുകൾ വിപുലീകരിക്കാനുമായി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ.ഇതാദ്യമായല്ല ഇത്തരത്തിൽ വർദ്ധനവിന് ആർ ബി ഐ അനുമതി നൽകുന്നത്. റിലയൻസ് തന്നെ മുമ്പ് ആർ ബി ഐയിൽ നിന്ന് പ്രത്യേക അനുമതി തേടിയിട്ടുമുണ്ട്. റിലയൻസിന്‍റെ ശക്തമായ റേറ്റിംഗും, പണത്തിന്‍റെ വരവും, വായ്പ നൽകാൻ ബാങ്കുകൾ മത്സരിക്കുന്നതും കണക്കിലെടുത്താണ് അനുമതി.
ടെലികോം ബിസിനസിന്‍റെ വിപുലീകരണത്തിന് ന് 2 ബില്യൺ ഡോളർ വരെയുള്ള വിദേശ-നാണയ വായ്പയ്ക്കായി, വായ്പ നൽകുന്നവരുമായി റിലയൻസ് ഇൻഡസ്ട്രീസ് ചർച്ചകൾ നടത്തിവരികയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. മൂലധനച്ചെലവിനും സെപ്റ്റംബറിൽ കാലാവധി പൂർത്തിയാകുന്ന മറ്റൊരു വായ്പയ്ക്ക് റീഫിനാൻസ് ചെയ്യാനും തുക ഉപയോഗിക്കും. ബാങ്ക് ഓഫ് അമേരിക്ക കോർപ്പറേഷൻ, സിറ്റി ഗ്രൂപ്പ് ഇൻക്., സ്റ്റാൻഡേർഡ് ചാർട്ടേഡ് പി എൽ സി തുടങ്ങിയ വായ്പാ ദാതാക്കളുമായി ചർച്ചനടത്തിയതായും റിപ്പോർട്ടുണ്ടായിരുന്നു
7,35,000 കോടി രൂപയുടെ ആസ്തിയുള്ള മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളുമാണ്. 2020 ൽ മുകേഷ് അംബാനി കമ്പനിയെ കടരഹിതമായി പ്രഖ്യാപിച്ചിരുന്നു. ടെലികോം, റീട്ടെയിൽ മേഖലകളിലെ കമ്പനിയുടെ വിപുലീകരണത്തിന്‍റെ ഭാഗമായാണ് അടുത്തിടെ പണം സമാഹരിച്ചത്. പുതിയ ഊർജ്ജ ബിസിനസിൽ അടുത്ത 15 വർഷത്തിനുള്ളിൽ 75 ബില്യൺ ഡോളർ നിക്ഷേപിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. 3 ബില്യൺ ഡോളറിന് ഐ പി എൽ സ്ട്രീമിംഗ് അവകാശവും അവർ നേടിയിട്ടുണ്ട്.