റിലയൻസ് ഇൻഡസ്ട്രീസിന്റെ മാധ്യമ ബിസിനസ് വിഭാഗവും വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മാധ്യമ വിഭാഗവും തമ്മിലെ 70,350 കോടി രൂപ മതിക്കുന്ന മെഗാ ലയനത്തിന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അനുമതി.2024 ഫെബ്രുവരിയിലാണ് വയാകോം18, സ്റ്റാർ ഇന്ത്യ എന്നിവ തമ്മിൽ ലയിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ഇന്ത്യയിലെ ഏറ്റവും വലിയ ടിവി, ഡിജിറ്റൽ ഉള്ളടക്ക സ്ഥാപനമാണ് അതുവഴി പിറക്കുക. ലയനത്തിലൂടെ റിലയൻസിന്റെ ജിയോ സിനിമയും ഡിസ്നി ഹോട്ട്സ്റ്റാറും ഒന്നിക്കുമ്പോൾ ഇന്ത്യൻ മാധ്യമരംഗത്ത് റിലയൻസിന്റെ കുത്തകയായിരിക്കുമെന്ന ആശങ്ക അടുത്തിടെ സിസിഐ ഉയർത്തിയിരുന്നു. ഹോട്ട്സ്റ്റാറിന്റെ കൈവശമുള്ള വിപുലമായ ഉള്ളടക്കങ്ങളും ക്രിക്കറ്റ് ഉൾപ്പെടെ മുൻനിര കായിക മാമാങ്കങ്ങളുടെ സംപ്രേഷണാവകാശവും റിയൻസിന്റെ കൈയിലാകുമെന്നതായിരുന്നു ആശങ്കയ്ക്ക് പിന്നിൽ.
ഇത് പരിഹരിക്കാൻ മുന്നോട്ടുവച്ച നിർദേശങ്ങൾക്ക് അനുസൃതമായാണ് ലയനത്തിന് അനുമതി നൽകുന്നതെന്ന് സിസിഐ സാമൂഹിക മാധ്യമമായ എക്സിൽ വ്യക്തമാക്കി. റിലയൻസ് ഇൻഡസ്ട്രീസ്, ഉപസ്ഥാപനവും മീഡിയ വിഭാഗവുമായ വയാകോം18, മറ്റൊരു ഉപസ്ഥാപനമായ ഡിജിറ്റൽ18 മീഡിയ, ഡിസ്നിയുടെ കീഴിലെ സ്റ്റാർ ഇന്ത്യ, സ്റ്റാർ ടിവി എന്നിവ ഉൾപ്പെടുന്നതാണ് മെഗാ ലയനം.