റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആർബിഐ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി തുടർച്ചയായ അഞ്ചാം തവണയാണ് റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചത്. പണപ്പെരുപ്പം കുറയുന്നതാണ് നയപരമായ നിലപാട് തൽസ്ഥിതി നിലനിർത്തുന്നതിന് കാരണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ഇന്ത്യയിലെ റീട്ടെയിൽ പണപ്പെരുപ്പം ഒക്ടോബറിലും കുറഞ്ഞിരുന്നു. ഒക്ടോബറിലെ ഉപഭോക്തൃ വില സൂചിക നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.87 ശതമാനത്തിലെത്തി. ഇന്ത്യയിലെ റീട്ടെയിൽ പണപ്പെരുപ്പം, ആർബിഐയുടെ 2-6 ശതമാനം എന്ന കംഫർട്ട് ലെവലാണെങ്കിലും 4 ശതമാനത്തിന് മുകളിലാണ്.
2023-24 സാമ്പത്തിക വർഷത്തിന്റെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.6 ശതമാനം വളർച്ച നേടി, അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുന്നു. ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.8 ശതമാനമാണ്.