ഡിസ്കൗണ്ട് വിലയ്ക്ക് കിട്ടുന്ന റഷ്യൻ ക്രൂഡോയിൽ വൻതോതിൽ ഇറക്കുമതി ചെയ്ത് ഇന്ത്യയും ചൈനയും. ജൂലൈയിൽ 280 കോടി ഡോളറിന്റെ ക്രൂഡോയിലാണ് റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയത്. ജൂലൈയിൽ ഇന്ത്യക്കുള്ള ഡിസ്കൗണ്ട് ബാരലിന് 9% കൂട്ടി റഷ്യ 16.76 ഡോളറാക്കിയിരുന്നു. റഷ്യയിൽ നിന്ന് യുറാൽസ് ഗ്രേഡ് എണ്ണയാണ് ഇന്ത്യ കൂടുതലായും വാങ്ങുന്നത്. ഇതിനാണ് ബ്രെന്റ് ക്രൂഡ് വിലയെ അപേക്ഷിച്ച് 16 ഡോളറിലധികം ഡിസ്കൗണ്ട് ലഭിച്ചത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുമ്പ് റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി ഒരു ശതമാനത്തോളം മാത്രമായിരുന്നു. നിലവിൽ 40% വിഹിതവുമായി ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡോയിൽ സ്രോതസ്സാണ് റഷ്യ. മികച്ച ഡിസ്കൗണ്ട് ഓഫറാണ് ഇതിന് വഴിയൊരുക്കിയത്. ലോകത്ത് ക്രൂഡോയിൽ ഇറക്കുമതിയിൽ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യ, ഉപഭോഗത്തിനുള്ള 85 ശതമാനത്തിനും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതി പങ്കാളിയും ഇന്ത്യയാണ്. 47% ഇറക്കുമതിയുമായി ചൈനയാണ് ഒന്നാമത്. 37 ശതമാനമാണ് ഇന്ത്യയിലെത്തുന്നത്. 7% യൂറോപ്യൻ യൂണിയനിലേക്കും 6% ടർക്കിയിലേക്കും പോകുന്നു.