റഷ്യൻ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നിലപാടിൽ മാറ്റമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രി

ഉക്രൈനുമായുള്ള സംഘർഷത്തിന്റെ പേരിൽ ഉപരോധം ഏർപ്പെടുത്തിയെങ്കിലും റഷ്യൻ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നിലപാടിൽ മാറ്റമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ . ഇന്ത്യയും റഷ്യയും എല്ലായ്‌പ്പോഴും സുസ്ഥിരവും സൗഹൃദപരവുമായ ബന്ധം പങ്കിട്ടിട്ടുണ്ടെന്നും മോസ്കോ ഒരിക്കലും തങ്ങളുടെ താൽപ്പര്യങ്ങളെ ഹനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജർമ്മൻ ദിനപത്രമായ ഹാൻഡൽസ്ബ്ലാറ്റിന് നൽകിയ അഭിമുഖത്തിൽ ആണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

റഷ്യയും ഉക്രൈനും തമ്മിലുള്ള പോരാട്ടം 2022 ൽ ആരംഭിച്ചതുമുതൽ, ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നുണ്ട് . ഇപ്പോൾ ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ സ്രോതസ്സാണ് റഷ്യ. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 36 ശതമാനം വരും റഷ്യയിൽ നിന്നുള്ള ഇറക്കുമതി. ഉക്രൈനിൽ യുദ്ധം ആരംഭിച്ചപ്പോൾ, യൂറോപ്പ് എണ്ണ, പ്രകൃതി വാതക ഇറക്കുമതിയുടെ വലിയൊരു ഭാഗം മിഡിൽ ഈസ്റ്റിലേക്ക് മാറ്റി . യൂറോപ്പ് ഉയർന്ന വില നൽകിയതിനാൽ മിക്ക മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ വിതരണക്കാരും യൂറോപ്പിന് പ്രാമുഖ്യം കൊടുത്തു. യൂറോപ്പ് കൂടുതൽ പണം നൽകുന്നതിനാൽ ഇന്ത്യക്കും കൂടുതൽ പണം നൽകേണ്ടിവരുമായിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യയിലെ ഇറക്കുമതിയെ ഇന്ത്യ കൂടുതലായി ആശ്രയിച്ചതെന്ന് എസ്. ജയശങ്കർ ചൂണ്ടിക്കാട്ടി.

ആരും റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാതിരിക്കുകയും, എല്ലാവരും മറ്റ് രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുകയും ചെയ്തിരുന്നുവെങ്കിൽ, ഊർജ വിപണിയിൽ വില ഇനിയും കൂടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആഗോള പണപ്പെരുപ്പം വളരെ ഉയർന്നതായിരിക്കുകയും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഇത് ഒരു പ്രധാന രാഷ്ട്രീയ പ്രശ്‌നമാകുകയും ചെയ്യുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *